മാള: കണക്കൻകടവ് തടയണ അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് അഖിലേന്ത്യ കിസാൻ സഭ കുഴൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുഴൂർ, അന്നമനട, പൊയ്യ, പാറക്കടവ്, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഏക്കർ സ്ഥലത്തേക്കുള്ള ജലസേചന പദ്ധതിയും കുടിവെള്ള പദ്ധതിയും ഈ പുഴയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ചാലക്കുടി പുഴയിലേയ്ക്ക് ഉപ്പ് കയറാതെ തടഞ്ഞിരുന്നത് കണക്കൻകടവ് തടയണയായിരുന്നു. കഴിഞ്ഞ ദിവസം കണക്കൻകടവ് ലോഹ ഷട്ടറുകൾ ഓരോന്നായി അടർന്നുവീണു പോയിരുന്നു. അടിയന്തരമായി ഈ തടയണകൾ പുതുക്കിപ്പണിതില്ലെങ്കിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും ജനങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയ്യും. കിസാൻ സഭ തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി വസന്ത്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കിസാൻ സഭ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി.എഫ് ജോൺസൺ, എം. ആർ അപ്പുക്കുട്ടൻ, യു.കെ ദിനേശൻ, ലളിത ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.