തൃശൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കോൾ മേഖലയിലെ ഇരിപ്പൂ കൃഷി വെള്ളം കയറി നശിച്ചതിനാൽ തുടർ കൃഷിക്ക് എത്രയും പെട്ടെന്ന് വിത്ത് ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതിയിൽ പ്രമേയം. നിരവധി പാടശേഖരങ്ങൾ വെള്ളം കയറി നശിച്ചതിനാൽ നടീലിന് തയ്യാറാക്കിയ ഞാറ്റടികൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. വിത കഴിഞ്ഞ പാടശേഖരങ്ങൾ വെള്ളത്തിൽ നശിച്ചെന്നും ഇതിനാൽ വിത്തുക്ഷാമം പരിഹരിച്ച് കർഷകർക്ക് അടിയന്തിരമായി വിത്തുകൾ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുരളി പെരുനെല്ലി എം.എൽ.എയാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം ചെറുക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ബാക്കി ശേഷിപ്പായ മൂന്ന് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, രമ്യ ഹരിദാസ് എം.പി, എം.എൽ.എമാരായ ബി.ഡി ദേവസി, മുരളി പെരുനെല്ലി, ഇ.ടി ടൈസൺ, അനിൽ അക്കര, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ടി.കെ വാസു, കൃഷിമന്ത്രിയുടെ പ്രതിനിധി എം.ജി നാരായണൻ, പ്ലാനിംഗ് ഓഫീസർ ടി.ആർ മായ എന്നിവർ പങ്കെടുത്തു.

യോഗത്തിലെ നിർദ്ദേശങ്ങളും തീരുമാനങ്ങളും


കോൾ കൃഷി ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുന്നതിനായി മുനയം, ഏനാമാക്കൽ, ഇടിയഞ്ചിറ ബണ്ടുകളെ ബലപ്പെടുത്തുന്ന നടപടികൾ വേഗത്തിലാക്കണം

ഇടിയഞ്ചിറ ബണ്ടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് എത്തിക്കണം

എത്രയും പെട്ടെന്ന് ടെൻഡർ നടപടി പൂർത്തിയാക്കണം

കനോലി കനാലിലെ ചെളി നീക്കുന്ന നടപടി വേഗത്തിലാക്കണം

കൂർക്കഞ്ചേരി തങ്കമണി കയറ്റത്തിൽ താമസിക്കുന്നവരിൽ പട്ടയം ലഭിക്കാത്തവർക്ക് ഡിസംബറിൽ പട്ടയവിതരണം
എം.എൽ.എമാരുടെ പ്രത്യേക വികസന ഫണ്ട് ചെലവഴിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം

പദ്ധതികളുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കണം

ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 34 പൊതുകുളങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കി

എം.എൽ.എമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ യോഗം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യണം