തൃശൂർ: വൈധവ്യവും വാർദ്ധക്യവും മാനസിക ദൗർബല്യവും ഉൾപ്പെടെ ജീവിതത്തിന്റെ വിഷമ സന്ധികളിൽ വീട്ടുകാരാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾക്ക് അഭയം ഒരുക്കാൻ പദ്ധതിയുമായി ജില്ലാ ഭരണകൂടം. പ്രമുഖ സന്നദ്ധ സംഘടനയായ ബൻയൻ, ഗുരുവായൂർ ദേവസ്വം ബോർഡ് എന്നിവരുമായി സഹകരിച്ച് ഗുരുവായൂരിൽ എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ സ്ഥാപിക്കുകയാണ് പദ്ധതി. പദ്ധതിയുടെ ധാരണാപത്രം ഉടൻ ഒപ്പിടും.

ഗുരുവായൂർ ഉൾപ്പെടെ പല ആരാധനാലയങ്ങളിലുമായി നട തള്ളപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ തെരുവിലേക്ക് പുറന്തള്ളപ്പെടുന്നവരും മനോ ദൗർബല്യം ഉള്ളവരുമായ സ്ത്രീകൾക്ക് അടിയന്തര ചികിത്സയും തുടർന്നുള്ള വൈദ്യസഹായവും ഉറപ്പുവരുത്തിയ ശേഷം സാധാരണ നില കൈവരിക്കുന്നതോടെ അവരവരുടെ വീടുകളിലേക്ക് മടക്കി ഏൽപ്പിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഇതിനായി എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ ഗുരുവായൂരിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രമാണ് തയ്യാറാക്കുന്നത്. സെന്ററിന് ആവശ്യമായ സ്ഥലസൗകര്യം ഗുരുവായൂർ ദേവസ്വം ബോർഡ് ഒരുക്കും. കുറൂരമ്മ ഭവനമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രത്തിലെ ചികിത്സാ സൗകര്യം ഉറപ്പുവരുത്തുന്നതും പൊതു മേൽനോട്ടവും ആരോഗ്യവകുപ്പും സാമൂഹിക സുരക്ഷാ വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നു നിർവഹിക്കും. പദ്ധതിയുടെ പ്രധാന നിർവഹണ ഏജൻസിയായ ബൻയൻ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരിതര സന്നദ്ധസംഘടനയാണ്. മാനസിക ദൗർബല്യം ഉള്ള സ്ത്രീകളെ തെരുവിൽ നിന്ന് കണ്ടെത്തി പുനരധിവസിപ്പിക്കുന്നതാണ് സംഘടനയുടെ പ്രധാന പ്രവർത്തനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എമർജൻസി കെയർ ആൻഡ് റിക്കവറി സെന്ററുകളും 'ഹോം എഗൈൻ' കേന്ദ്രങ്ങളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. ചികിത്സ പൂർത്തിയായ ശേഷം വീടുകളിലേക്കുള്ള മടക്കം സാദ്ധ്യമാകാത്തവർക്ക് പുനരധിവാസം ഒരുക്കുന്നതാണ് 'ഹോം എഗൈൻ' അഭയകേന്ദ്രങ്ങൾ.

..................

ധാരണാപത്രം ഒപ്പിട്ടശേഷം എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ താമസിയാതെ തന്നെ പ്രവർത്തനം തുടങ്ങും

എസ്. ഷാനവാസ്

ജില്ലാ കളക്ടർ