കയ്പ്പമംഗലം: ദേശീയപാത 66 ചെന്ത്രാപ്പിന്നി സെന്ററിലെ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ചെന്ത്രാപ്പിന്നി ജി.എൽ.പി .സ്‌കൂളിൽ ചേർന്ന എടത്തിരുത്തി പഞ്ചായത്ത് എട്ടാം വാർഡ് ഗ്രാമസഭയിൽ ആവശ്യമുയർന്നു.
ചെന്ത്രാപ്പിന്നി കനറാ ബാങ്ക് പരിസരത്തെ തോട് വെള്ളം നിറഞ്ഞ് കവിഞ്ഞ് ദേശീയ പാതയിലേക്കെത്തിയാണ് വാർഡിൽ വെള്ളപ്പൊക്കത്തിലാകുന്നതെന്ന് ഗ്രാമവാസികൾ ഒന്നടക്കം പരാതി പറഞ്ഞു. ഹൈവേ റോഡിനോട് ചേർന്നുള്ള തോട് പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരണമെന്നും ചെന്ത്രാപ്പിന്നി സെന്ററിലുള്ള പാലം പൊളിച്ചുനീക്കി വെള്ളം പോകുന്നതിനാവശ്യമായ വീതിയും താഴ്ച്ചയോടും കൂടിയും പുതിയ പാലം പണിയണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. റോഡിനും ഇരുവശത്തുമായി കാന നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും, അനുമതി ലഭിച്ചാൽ എത്രയും പെട്ടെന്നു തന്നെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുമെന്നും ഗ്രാമ സഭയിൽ അദ്ധ്യക്ഷത വഹിച്ച എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് പറഞ്ഞു. എട്ടാം വാർഡംഗം ഉമറുൽ ഫാറൂക്ക് , പത്താം വാർഡ് അംഗം ഗീത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ലൈല മജീദ്, ഗ്രാമസഭ കോർഡിനേറ്റർ കെ.ആർ ജിജി എന്നിവർ സംസാരിച്ചു.