തൃശൂർ: നവംബർ ഒന്നിനകം കുതിരാനിലെ ദേശീയ പാതയിലെ കുഴികൾ അടയ്ക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. നവംബർ ഒന്നു മുതൽ പ്രൈവറ്റ് ബസ് ഓണേഴ്‌സ് പ്രതിനിധികൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തരമായി ടെൻഡർ കരാറുകാരന് കൈമാറും. ആദ്യഘട്ടമെന്ന നിലയിൽ നാലു കിലോമീറ്റർ പരിധിയിലെ കുഴികൾ അടച്ച് ടാറിംഗ് ഉൾപ്പെടെയുളള പണികൾ പൂർത്തീകരിക്കും. മഴ മാറിയാലുടൻ ടാറിംഗ് തുടങ്ങും. സമയബന്ധിതമായി പണി പൂർത്തീകരിക്കാനുള്ള ഏർപ്പാടുകൾ ഉടൻ കൈക്കൊള്ളും. നാഷണൽ ഹൈവേ അതോറിറ്റി പ്രതിനിധിയ്ക്കൊപ്പം ഇന്ന് തന്നെ സ്ഥലം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. തത്കാലം ക്വാറി വേസ്റ്റിട്ട് കുഴികൾ നികത്തുമെന്നും കളക്ടർ ഉറപ്പ് നൽകി. രണ്ട് ദിവസത്തിനുളളിൽ പണി ആരംഭിച്ചാൽ സമരത്തിൽ നിന്ന് പിൻമാറുമെന്ന് ബസ് ഉടമ പ്രതിനിധികൾ അറിയിച്ചു.

സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി

കുതിരാൻ ദേശീയപാതയിലെ അറ്റകുറ്റപ്പണി അടിയന്തരമായി ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതിനാൽ സമരത്തിൽ നിന്ന് ബസ് ഉടമകൾ പിന്മാറണമെന്ന് മന്ത്രി എ.സി. മൊയ്തീൻ അഭ്യർത്ഥിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴയില്ലെങ്കിൽ കുഴികൾ അടച്ച് രണ്ട് ദിവസത്തിനകം തന്നെ ടാറിംഗ് ആരംഭിക്കും. വലിയ കണ്ടെയ്‌നർ വാഹനങ്ങൾ വഴി തിരിച്ചു വിടാനോ, രാത്രി പത്തിന് ശേഷം മാത്രം കുതിരാനിൽ പ്രവേശിപ്പിക്കുവാനോ വേണ്ട നടപടികൾ കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു.