ചാവക്കാട്: ദേശീയപാത ഭൂമിയേറ്റെടുക്കൽ നടപടിക്കെതിരെ ഉള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ നടപടികളും നിറുത്തിവയ്ക്കണമെന്ന് എൻ.എച്ച് ആക്‌ഷൻ കൗൺസിൽ ഒരുമനയൂർ വില്ലേജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ പാലിക്കാതെയും പുനരധിവാസ പദ്ധതി പ്രഖ്യാപിക്കാതെയുമുള്ള ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറക്കിയതിനെതിരെ 13 പേർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമവിരുദ്ധമായി മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ആക്‌ഷൻ കൗൺസിൽ മേഖലാ ചെയർമാൻ വി. സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സി.കെ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ആരിഫ് കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ പി.കെ. നൂറുദ്ദീൻ ഹാജി, സി.ആർ. ഉണ്ണിക്കൃഷ്ണൻ, സി. ഷറഫുദ്ദീൻ , സെയ്താലിക്കുട്ടി എന്നിവർ സംസാരിച്ചു.