ചാലക്കുടി: ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്ര ധനുസിൽ തൂവൽ പൊഴിയും തീരം. ഈ മനോഹര തീരത്തു തരുമോ ഇനിയുമൊരു ജന്മം കൂടി... വരികൾ ആരുടേതെന്ന് ചോദിക്കേണ്ട കാര്യമേയില്ല. എന്നാൽ സ്വയംമറന്ന് ഇത് ആലപിക്കുകയാണ് വയലാർ രാമവർമ്മയുടെ കൊച്ചുമകൾ മീനാക്ഷി. മുത്തച്ഛന്റെ 44ാം ചരമവാർഷികത്തിൽ ചാലക്കുടിയിലെ വസതിയിലിരുന്ന് അമ്മ സിന്ധുവിനോടൊപ്പം സ്മൃതികൾ അയവിറക്കുകയാണ് തിരുവനന്തപുരത്ത് പി.എച്ച്.ഡി ചെയ്യുന്ന മീനാക്ഷിയും. മുത്തച്ഛന്റെ രചനകളിൽ ഈ വരികൾ തന്നെയാണ് കൊച്ചുമോൾക്കും ഏറെ പ്രിയം. മീനാക്ഷിയുടെ അമ്മയും വയലാറിന്റെ ഇളയ മകളുമായ സിന്ധുവിന് പക്ഷേ പാടാനാകുന്നില്ല, അവരുടെ ശബ്ദം ഇന്നും ആ സങ്കടക്കടലിൽ തന്നെയാണ്. ഓർമ്മയിലെ അച്ഛന്റെ രൂപമേ ഇവരുടെ മനസിലുള്ളൂ. എന്നും ഭയമായിരുന്നു അച്ഛനെ.
എന്നാൽ വയലാറിന് നേരെ മറിച്ചും. കവിതയേക്കാൾ കൂടുതൽ അദ്ദേഹം തങ്ങളെ സ്‌നേഹിച്ചിരുന്നു സിന്ധു പറയുന്നു. 1973 പീച്ചിയിലെ ഒരാഴ്ചക്കാലത്തെ താമസമാണ് ഇന്നും ജീവിതത്തിലെ പ്രധാന സംഭവമായി സിന്ധു കാണുന്നത്. അന്നാണ് അച്ഛൻ തന്നെയും ജ്യേഷ്ഠത്തി യമുനയെയും മാത്രം കൊണ്ടുപോയി താമസിപ്പിച്ചത്. അതിനാൽ ഇന്നും പീച്ചിയോടും പ്രത്യേക അടുപ്പമാണ്. സിന്ധുവിന് ഒമ്പത് വയസുള്ളപ്പോഴാണ് വയലാറിന്റെ മരണം. ഏറെക്കഴിഞ്ഞാണ് വയലാർ ആരാണെന്നും അദ്ദേഹത്തിന്റെ കവിതകൾ എന്തായിരുന്നതെന്നും മകൾ അറിയുന്നത്. ഡിഗ്രി വരെ പഠിച്ച സിന്ധു പിന്നീട് പാലസ് റോഡിൽ ലായത്തിൽ മഠത്തിൽ കൃഷ്ണകുമാറിനെ വിവാഹം കഴിച്ചു. മീനാക്ഷിയാണ് ഏക മകൾ. വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് എല്ലാവർഷവും നാട്ടലേക്ക് പോകും. വയലാറിൽ നടക്കുന്ന ഉത്സവത്തിന് സമാനമായ ചടങ്ങിൽ കാഴ്ചക്കാരാകും. സ്മരണകൾ മാത്രമല്ല, അച്ഛൻ നേരിട്ടെത്തുന്ന മറ്റൊരു അനുഭൂതിയാണ് വയലാറിലെ ചടങ്ങുകളിലെന്ന് പറയുമ്പോൾ സിന്ധുവിന്റെ മനസ് ആർദ്രമാകും. വീണ്ടുമൊരു അനുസ്മണം കൂടി കടന്നുപോകുമ്പോൾ വയലാറിന്റെ ഇളയമകളും മുത്തച്ഛന്റെ കവിതകളെ ആസ്പദമാക്കി ഗവേഷണം നടത്തുന്ന കൊച്ചുമകളും ഇവിടെ താമസിക്കുന്നുണ്ടെന്ന് അധികമാരും അറിയുന്നില്ല...