ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലാവുകയും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ പിതാവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി ബാലുവിനെ ചാലക്കുടി കോടതിയിൽ ഹാജരാക്കി. മോഷണക്കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡിയിൽ വാങ്ങിയ ശേഷം തിങ്കളാഴ്ച കൊലക്കേസിൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഒന്നരവർഷം മുുമ്പാണ് കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ മരണം. മരത്തിൽ നിന്നും വീണു പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിൽ കിടക്കവെ അണുബാധയിൽ മരിച്ചതെന്ന് വീട്ടുകാർ പുറത്തു പറഞ്ഞിരുന്നു. എന്നാൽ അന്ന് അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ബാലു വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് പിതാവ് ബാബുവിന്റെ അപകട മരണം കൊലക്കേസായി മാറിയത്. സംഭവം മറച്ചുവച്ച ബാലുവിന്റെ അമ്മ ഷാലിയെ കേസിലെ രണ്ടാം പ്രതിയാക്കിയെന്ന് പൊലീസ് പറഞ്ഞു.