തൃശൂർ: തേക്കിൻകാട്ടിൽ വാദ്യമേളത്തിൻ്റെ മാറ്റൊലിയുമായി 1000ൽ പരം കലാകാരന്മാരുടെ സംഗമം. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ കേരളത്തിലെ വാദ്യകലാകാരന്മാര്‍ ‘മേളപ്രപഞ്ചം’ പഞ്ചാരിമേളത്തിൻ്റെ ഭാഗമാകും. 30ന് 12ന് വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ നായ്ക്കനാൽ പരിസരത്തു ആരംഭിക്കുന്ന മേളം ഒന്നരമണിക്കൂറോളം നീണ്ടുനിൽക്കും. 111 ഇടന്തല, 450 വലന്തല, 400 ഇലത്താളം, 150 വീതം കൊമ്പ്, കുഴൽ വാദ്യകലാകാരന്മാർ അണിനിരക്കും. കേരള ക്ഷേത്രവാദ്യകലാ അക്കാഡമിയുടെ വാർഷികം 28 മുതൽ 30 വരെ ദേശീയ കലാകാരസംഗമമായി ആഘോഷിക്കുന്ന ‘വാദ്യപ്രപഞ്ചം’ പരിപാടിയുടെ ഭാഗമായാണ് മെഗാ മേളം സംഘടിപ്പിക്കുന്നത്.
നാളെ 5ന് കൊടിയേറ്റവും 5.30ന് പെരിങ്ങോട് സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിൽ ഇടയ്ക്കയിൽ അരങ്ങുണർത്തലും നടക്കും. 29ന് 9.15ന് മട്ടന്നൂർ‌ ശങ്കരൻകുട്ടി മാരാരും കോട്ടയ്ക്കൽ രവിയും നേതൃത്വം നൽകുന്ന ഇരട്ടക്കേളി നടക്കും.

10.45ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അക്കാഡമിയുടെ ത്രൈമാസിക പെരുവനം കുട്ടന്‍മാരാർ, കവി രാവുണ്ണിക്കു കൈമാറി പ്രകാശനം ചെയ്യും.11.30നു ഉള്ള്യേരി ശങ്കരമാരാരും പോരൂർ രാമചന്ദ്രമാരാരും നയിക്കുന്ന ഇരട്ടപ്പന്തിമേളം, 1.30ന് ചെറുതാഴം ചന്ദ്രനും ചിറയ്ക്കൽ നിധീഷും നയിക്കുന്ന ഇരട്ടത്തായമ്പക, 3ന് സോപാന സംഗീതമത്സരം, 6.30ന് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ് എന്നിവ അരങ്ങേറും. 30ന് 9.30ന് കിഴക്കൂട്ട് അനിയൻമാരാരും സംഘവും നയിക്കുന്ന പാണ്ടിമേളവും 10.45ന് കരിയന്നൂർ നാരായണൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ വാദ്യസമന്വയവും നടക്കും. 1ന് അന്നമനട പീതാംബരമാരാർ ജന്മശതാബ്ദി സമർപ്പണമായി ചോറ്റാനിക്കര വിജയൻമാരാരും കുനിശ്ശേരി ചന്ദ്രനും നയിക്കുന്ന പഞ്ചവാദ്യവും അരങ്ങേറും. 3.30ന് സമാപന സമ്മേളനം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്രവാദ്യകലാ അക്കാഡമിയുടെ വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്യും.