കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ നിന്നും മത്സ്യബന്ധനത്തിന് വേണ്ട ഊന്നിക്കുറ്റി താഴ്ത്താനുള്ള ശ്രമത്തിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തിൽ പോയ വൃദ്ധനുൾപ്പെടെ മൂന്ന് പേർക്ക് മുസിരിസ് പദ്ധതിയുടെ വാട്ടർ ടാക്സി രക്ഷയേകി. കോട്ടപ്പുറത്തെ ബോട്ട് ജെട്ടിയിൽ നിന്ന് നൂറ് മീറ്ററോളം അകലെയായി ഊന്നിക്കുറ്റികൾ താഴ്ത്തുകയായിരുന്ന മത്സ്യ തൊഴിലാളികളുടെ വഞ്ചികൾ മറിയുന്നതും അതിലുണ്ടായിരുന്ന മൂന്ന് പേരും വെള്ളത്തിൽ വീഴുന്നതും കണ്ടാണ് സ്രാങ്ക് എ.കെ.ബാബു, ഒപ്പമുണ്ടായിരുന്ന സുനിൽറാം, സാജി, ഗൈഡ് വൈശാഖ് എന്നിവർ വാട്ടർ ടാക്സിയുമായി പാഞ്ഞെത്തി രക്ഷാ പ്രവർത്തനം നടത്തിയത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. ആവശ്യമുള്ള സാമഗ്രികളുമായി രണ്ട് വഞ്ചികളിലായി നിലയുറപ്പിച്ച് ഊന്നിക്കുറ്റി താഴ്ത്തിക്കൊണ്ടിരിക്കെ വീശിയടിച്ച കാറ്റിലാണ് വഞ്ചി മറിഞ്ഞത്. രക്ഷാ പ്രവർത്തകരെത്തുമ്പോഴേക്കും അവശരായി കഴിഞ്ഞിരുന്ന തൊഴിലാളികളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.