കൊടുങ്ങല്ലൂർ: മത്സ്യബന്ധനത്തിലേർപെടുന്ന നൂറ് കണക്കിന് ബോട്ടുകളും വള്ളങ്ങളും പോവുകയും തിരികെ എത്തുകയും ചെയ്യുന്ന അഴീക്കോട് അഴിമുഖത്ത് സുരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തിയ തീരദേശ പൊലീസിന്റെ രണ്ട് പൊലീസ് ബോട്ടുകളും നോക്കുകുത്തികളായി. യന്ത്രത്തകരാറ് മൂലം കെട്ടിയിട്ടിരിക്കുന്ന ഇവ രണ്ടും കടലിലിറക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
മാസങ്ങളായി ഈ സുരക്ഷാ ബോട്ടുകൾ ഈ അവസ്ഥയിൽ തുടരുകയാണ്.
കാറ്റിലും കോളിലും തിരമാലകളെ മറികടന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന രണ്ട് അത്യാധുനിക ബോട്ടുകളാണ് ഈ വിധം നോക്കുകുത്തികളായി തുടരുന്നത്. കോടികൾ ചെലവഴിച്ച് വാങ്ങിയ ഇവയുടെ സ്ഥനമിപ്പോൾ കോട്ടപ്പുറം പുഴയിലാണ്. ബോട്ടുകൾ രണ്ടും ഈ വിധത്തിലായതോടെ പൊലീസിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ആശ്രയിക്കാനാകാത്ത ഒന്നായി. അഴിമുഖത്ത് ഇന്നലെ രാവിലെയുണ്ടായ ബോട്ടപകട സമയത്ത് തീരദേശ പൊലീസ് ചൂളി നിൽക്കേണ്ടുന്ന അവസ്ഥയായിരുന്നു. ആപത് ഘട്ടങ്ങളിൽ മത്സ്യബന്ധന ബോട്ടുകളെയാണ് ഇവരിപ്പോൾ ആശ്രയിക്കുന്നത്. കൊടുങ്ങല്ലൂർ മുതൽ ചേറ്റുവ വരെയുള്ള തീരക്കടലിന്റെ സുരക്ഷയും, കടലിലെ രക്ഷാപ്രവർത്തനവും അഴീക്കോട് തീരദേശ പൊലീസിന്റെ ചുമതലയാണെന്നാണ് വെയ്പ്. ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കാൻ ഇനിയും വൈകിക്കൂടെന്നാണ് കഴിഞ്ഞദിവസത്തെ ദുരന്തം വ്യക്തമാക്കുന്നത്