കൊടുങ്ങല്ലൂർ: തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ നിറുത്തലാക്കിയ 12 ബസുകളുടെ ചെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന് അപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറം കമ്മിറ്റി യോഗം കെ.എസ്.ആർ.ടി.സി എം.ഡിയോടും വകുപ്പ് മന്ത്രിയോടും അഭ്യർത്ഥിച്ചു. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്നു ഈ സർവീസുകൾ. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളിൽ യാത്രക്കാരുടെ നല്ല തിരക്കാണ്. അതേസമയം പലപ്പോഴും സൗമ്യമായ പെരുമാറ്റം ജീവനക്കാരിൽ നിന്നും ലഭിക്കാറില്ല. റോഡിൽ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ സർവീസ് നടത്തുന്നതെന്നും കെ.എസ്.ആർ.ടി.സിയുടെ സാന്നിദ്ധ്യം ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കുമായിരുന്നുവെന്നും യോഗം വിലയിരുത്തി. സർവീസുകൾ ലാഭകരമാക്കാൻ ആവശ്യമായ പുന:ക്രമീകരണങ്ങൾ നടത്തണം. യോഗത്തിൽ ഫോറം പ്രസിഡന്റ് എം.ആർ നായർ അദ്ധ്യക്ഷത വഹിച്ചു. സി.എസ് തിലകൻ, ശ്രീകുമാർ ശർമ്മ, അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴത്ത്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് തുടങ്ങിയവർ സംസാരിച്ചു...