തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഒഴിവുള്ള കഴകക്കാരെ നിയമിക്കുന്നതിൽ ബോർഡ് അധികൃതർ നടത്തുന്ന അനാസ്ഥയ്ക്കെതിരെ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്. 350 ഓളം വരുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 121 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇനിയും നിരവധി ക്ഷേത്രങ്ങളിൽ ഒഴിവുകൾ ഉണ്ടെങ്കിലും താത്കാലിക ജീവനക്കാരെ വെച്ച് റാങ്ക് ലിസ്റ്റ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു.

നൂറോളം ഒഴിവുകൾ ഉള്ളപ്പോഴാണ് താത്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്ന് ആരോപണമുണ്ട്. പല സ്ഥലത്തും അടിച്ചുതളി, അലവൻസ് ജീവനക്കാർ എന്നിവരെ കൊണ്ട് കഴകം ജോലി എടുപ്പിക്കുകയാണെന്നും ഇവർ പറയുന്നു. ഇത്തരം ജോലിയിലുള്ളവരെ കൊണ്ട് കഴകം ജോലി ചെയ്യിപ്പിക്കരുതെന്ന് ദേവസ്വം നിയമാവലിയിൽ ഉണ്ടെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തിയാണ് നിയമനം നടക്കുന്നത്. 2018 ഡിസംബർ ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. പ്രശ്‌നത്തിൽ ഇടപെട്ട് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചതായി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരാവാഹികൾ പറഞ്ഞു...