തൃശൂർ : എല്ലാറ്റിനും പഴി മഴയ്ക്ക്, എല്ലാം കേട്ടു മാറി നിന്നിട്ടും മഴയ്ക്ക് പഴി മാറുന്നില്ല. ദേശീയ പാത കുതിരാനിൽ അധികൃതർ, എല്ലാ വീഴ്ചകളും മഴയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടുകയാണ്. ദേശീയപാതയിലെ കുരുക്കിന് പ്രധാന കാരണമായ കുഴികൾ അടയ്ക്കുന്നതിനുള്ള പ്രവർത്തനം ആംഭിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. മഴ കാരണമാണ് പണി ആരംഭിക്കാൻ തടസമെന്ന് പറയുമ്പോൾ കഴിഞ്ഞ മൂന്നു ദിവസമായി ശക്തമായ മഴ പ്രദേശത്ത് ഉണ്ടായിട്ടില്ല.

നാല് ദിവസത്തിനകം ടാറിംഗ് പൂർത്തിയാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ബസുടമകൾക്ക് കളക്ടർ ഉറപ്പ് നൽകിയെങ്കിലും കുതിരാനിൽ പ്രവൃത്തികൾ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇന്നലെ അവധിയായതിനാൽ തുടങ്ങാൻ സാധിച്ചില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതിനിടെ ഇന്ന് പ്രവൃത്തികൾ തുടങ്ങുമെന്നാണ് കളക്ടർ പറയുന്നത്. വാഹനങ്ങളുടെ വൻ കുരുക്കിന് ഞായറാഴ്ച കുറവുണ്ടായെന്നതൊഴിച്ചാൽ കുരുക്കിന് മാറ്റമുണ്ടായില്ല.

കുഴികൾ കയറിയിറങ്ങിയുള്ള വാഹനങ്ങളുടെ കടന്നുപോക്കിൽ യാത്രക്കാർ വലയുകയാണ്. വഴുക്കുംപാറയിലും, കുതിരാൻ വളവിന് മുമ്പായും ബസിൽ നിന്നുമിറങ്ങി യാത്രക്കാർ നടന്നാണ് കുരുക്കിനെ താത്കാലികമായി മറികടക്കുന്നത്. ഇരു ഭാഗത്തേക്കും കടന്നു പോകുന്ന ബസ് യാത്രക്കാരടക്കമുള്ളവർ ജനകീയ പ്രതിഷേധം നടക്കുന്ന സമരപന്തലിലെത്തി പിന്തുണയറിയിച്ചാണ് പോകുന്നത്.

തുകയനുവദിച്ചിട്ടും പ്രവൃത്തികൾ നടത്താതെ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമായി. ടാറിംഗ് നടത്തിയില്ലെങ്കിൽ പ്രഖ്യാപിച്ച സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ബസുടമ തൊഴിലാളി സംഘടനകൾ.

കുതിരാനിൽ പോകും

ഇന്ന് പണികൾ ആരംഭിക്കുകയാണെങ്കിൽ കുതിരാനിൽ പോകും. ഇന്നലെ പകൽ മഴ മാറി നിന്നത് ആശ്വാസം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് പണികൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ


(എസ്. ഷാനവാസ്, ജില്ലാ കളക്ടർ)

കേന്ദ്രസംസ്ഥാന സർക്കാരുകൾ

അടിയന്തരമായി ഇടപെടണം

ദേശീയപാത കുതിരാനിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. തുരങ്ക നിർമ്മാണത്തിന് തടസമായിട്ടുള്ള വനം വകുപ്പിന്റെ അനുമതി ഉടൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. അറ്റകുറ്റ പണികൾക്കായി എം.പി ഇടപെട്ട് പാസാക്കിയ തുക കൊണ്ട് പ്രവർത്തനം നടത്താൻ തയ്യാറാകണം


(ടി.എൻ പ്രതാപൻ, എം.പി)

പ്രതിഷേധം നിറുത്താതെ ജനകീയ കൂട്ടായ്മ

നിരവധി സംഘടനകൾ കുതിരാനിൽ തല കാട്ടി പോകുമ്പോൾ കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. ആറാം ദിവസത്തെ സമരം ഗ്രാമീണ വായനശാല സെക്രട്ടറി എം.എം മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ആറാം ദിവസം നിരാഹാരം ഇരിക്കുന്നത് കെ.ഡി.സി.ബി തൃശൂർ, പാലക്കാട് ജില്ലയിലെ അംഗങ്ങളാണ്. ബബീഷ്, ഷമീർ, പ്രദോഷ്, ഷക്കീർ, ബാബു പാലക്കാട്, മിഥുൻ, പ്രദീപ്, നിഷാന്ത്, വി.വി ഷിനോഷ്, ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗിരിജാ വല്ലഭൻ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.