അന്തിക്കാട്: ഗവ. ആശുപത്രിയുടെ കെട്ടിട നിർമ്മാണത്തിന് ഒരു കോടിയും, അന്തിക്കാട് ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന് 50 ലക്ഷം രൂപയും അനുവദിച്ചതായി ഗീത ഗോപി എം.എൽ.എ പറഞ്ഞു. ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന നാട്ടിക നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ അവലോകന യോഗത്തിലാണ് തുക അനുവദിച്ചതായി എം.എൽ.എ അറിയിച്ചത്. ഇക്കാലയളവിൽ സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാകാതെ കിടക്കുന്ന പദ്ധതികൾ ഡിസംബറിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ കർശന നിർദ്ദേശം നൽകി. അല്ലാത്തപക്ഷം പദ്ധതികൾ റദ്ദ് ചെയ്ത് പകരം പദ്ധതികൾക്ക് തുക ഉപയോഗിക്കുമെന്നും എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി കനകരാജ്, സതീപ് ജോസഫ്, സൂര്യ ഷോബി, പി.ഐ. സജിത, പഞ്ചായത്ത് സെക്രട്ടറി എം.എഫ്. ജോസഫ്, തൃശൂർ കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ പി.ജെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.