ചേലക്കര: 'അദ്ധ്വാനിക്കുക, മാന്യമായി ജീവിക്കുക' ഈ പ്രയോഗം അന്വർത്ഥമാക്കുന്നവരാണ് കുത്താമ്പുള്ളിക്കാർ. അതിനാൽ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനും പ്രാപ്തമാണ് ഈ നെയ്ത്തുഗ്രാമം. വ്യാപാര മേഖലയിൽ എത്ര പ്രതിസന്ധി ഉയർന്നാലും കുത്താമ്പുള്ളിയിലെ കൈത്തറിക്ക് കോട്ടമുണ്ടാകാറില്ല. എന്നും ഒരു പിടി മുന്നിൽ തന്നെ. പൈതൃക പട്ടികയിൽ ഇടംപിടിച്ച കുത്താമ്പുള്ളി കൈത്തറി വസ്ത്രത്തോടുള്ള മലയാളിയുടെ പ്രിയം വിദേശം കടന്നുമുണ്ട്. മലയാളികളുള്ള നാട്ടിലേക്കെല്ലാം ഇത് കയറ്റി അയക്കുന്നുണ്ട്. കാലാനുസൃതമായ പരീക്ഷണങ്ങളിലൂടെ പുത്തൻ പരിഷ്‌കാരം കുത്താമ്പുള്ളിയിലെത്തുമ്പോൾ പവർ ലൂമിന്റെ അതിപ്രസരവും മറികടന്ന് കുത്താമ്പുള്ളിയിലെ പാരമ്പര്യ തൊഴിലാളികൾ സ്വപ്നം നെയ്തെടുക്കുന്നു.

കുത്താമ്പുള്ളി ഗ്രാമം

'കൊച്ചി രാജാവിനുള്ള വസ്ത്ര നിർമ്മാണ ആവശ്യത്തിനായി ഏകദേശം 500 കൊല്ലം മുമ്പ് കർണ്ണാടകയിൽ നിന്നെത്തിയവരാണ് ദേവാംഗ സമുദായക്കാർ. അവരുടെ പിൻതലമുറക്കാരാണ് കുത്താമ്പുള്ളി ഗ്രാമീണർ. കുത്താമ്പുള്ളിയിൽ തന്നെ നൂറിൽപരം വസ്ത്ര വിപണന കേന്ദ്രങ്ങളുണ്ട്. 200 ഓളം വീടുകളോട് ചേർന്നും കൈത്തറി സഹകരണ സംഘത്തിന്റെ നേതൃത്വത്തിലും കൈത്തറി ഉത്പാദനവും വിപണനവും നടക്കുന്നു. കിനാദ്യാന ശിലരായ ദേവാംഗർ സ്ത്രീ പുരുഷ, പ്രായ വ്യത്യാസം നോക്കാതെ കഴിവനുസരിച്ച് പണിയെടുക്കുന്നവരാണ്. രാപ്പകലില്ലാതെ പണിയെടുക്കുന്ന ഇവർക്ക് കറുത്തവാവ് ദിനം മാത്രമാണ് അവധി.

അഴകായി കുത്താമ്പുള്ളി വസ്ത്രം

കുത്താമ്പുള്ളിയിലെ ദേവാംഗനമാരുടെ കരവിരുതും അർപ്പണ ബോധവും നിർമ്മിക്കുന്ന വസ്ത്രങ്ങൾക്കും അഴകേകുന്നു. ഗുണനിലവാരമുള്ള നൂൽ തന്നെയാണ് ഉപയോഗിക്കുക. ഒന്നര ദിവസം കൊണ്ട് രണ്ടു മുണ്ടാണ് നെയ്തെടുക്കുക. സാരി നെയ്ത്തിന് രണ്ട് ദിവസമെടുക്കും. ഡിസൈൻ വർക്ക് ഉണ്ടെങ്കിൽ കൂടുതൽ സമയം വേണം. നല്ല ക്വാളിറ്റി മുണ്ടിന് ആയിരം രൂപയോളം വില വരും. കാലാനുസൃതമായി നെയ്ത്തു രീതിയിലും ഡിസൈനിലും പരിഷ്‌കാരം വന്നു. ഇപ്പോൾ ട്രെൻഡിയായ സിൽവർ ഡിസൈൻ പ്രിന്റിംഗ് തുടങ്ങി. വ്യത്യസ്ത ഡിസൈൻ പ്രിന്റ് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് അത്യാകർഷക വസ്ത്രങ്ങൾ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നു. സെറ്റ് മുണ്ടിനും സാരിക്കുമൊപ്പം കളർ സാരികളൂം ഇവിടെ വിൽക്കുന്നു. കൈത്തറി വസ്ത്രങ്ങൾ മാത്രമല്ല ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് ഏതുതരം വസ്ത്രങ്ങളും ലഭ്യമാകുന്ന കേന്ദ്രങ്ങളായി ഇവ മാറി..

യന്ത്രത്തെ തോൽപ്പിച്ച കൈകൾ

പവർ ലൂമിന്റെ കടന്നുകയറ്റം കൈത്തറിക്ക് വെല്ലുവിളിയായിരുന്നു. വില വ്യത്യാസമായിരുന്നു പ്രധാന വിഷയം. കൈത്തറിയിൽ നെയ്യുന്ന ക്വാളിറ്റി നൂൽ കൊണ്ട് പവർ ലൂമിൽ മികച്ച വസ്ത്രം നെയ്യിച്ച് കുത്താമ്പുള്ളിയിൽ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് വിപണനം നടത്തിയായിരുന്നു ഈ പ്രതിസന്ധി മറികടന്നത്. പല നെയ്ത്തുകാരുടെയും വീടും കടയും ഒരുമിച്ച് റോഡുവക്കിലാകും. ഉൾപ്രദേശത്തുള്ളവർ നെയ്ത വസ്ത്രം കടകളിൽ എത്തിച്ചു നൽകും. കൈത്തറി ഉത്പാദന സഹകരണ സംഘത്തിലെ അംഗങ്ങൾ നൂലും പാവും സംഘത്തിൽ നിന്ന് കൊണ്ടുപോയി വീട്ടിൽ വച്ച് നെയ്ത ശേഷം തിരിച്ചു കൊടുക്കുമ്പോൾ കൂലിയും പിന്നീട് മറ്റു ബോണസും ലഭിക്കും. കഴിഞ്ഞ പ്രളയകാലത്ത് ഓണവിപണി ലക്ഷ്യമിട്ട് നെയ്‌തെടുത്ത കോടിക്കണക്കിന് രൂപയുടെ വസ്ത്രം നശിച്ചു. വിദൂരങ്ങളിലുള്ള പല വ്യാപാര സ്ഥാപനങ്ങളിലേക്കും വ്യക്തികൾക്കും അയച്ച വസ്ത്ര പാഴ്‌സലുകൾ ഉപയോഗ ശൂന്യമായി. അതിനോട് അനുബന്ധിച്ചു വന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക ക്ലേശകരമായിരുന്നു.