കൊടുങ്ങല്ലൂർ: സ്ഥാനക്കയറ്റം ലഭിച്ച് താലൂക്കാശുപത്രിയിൽ നിന്ന് സ്ഥലം മാറി പോയ സർജന്റെ തസ്തികയിലേക്ക് പകരം സർജനെ നിയമിക്കണമെന്ന് താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ആർദ്ര കേരളം പുരസ്‌കാരവും കായ കൽപ്പ അവാർഡും നേടിയതിന് ആശുപത്രി സൂപ്രണ്ട് ഡോ. റോഷിനെയും ഡോക്ടർമാരെയും ജീവനക്കാരെയും യോഗം അഭിനന്ദിച്ചു. ആശുപത്രി കോമ്പൗണ്ടിലേയ്ക്ക് പ്ലാസ്റ്റിക് കിറ്റുകൾ കൊണ്ടുവരുന്നത് കർശനമായി നിരോധിക്കാൻ യോഗം തീരുമാനിച്ചു. 110 ലക്ഷം രൂപ ചെലവിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുവാനും ആശുപത്രിക്ക് ചുറ്റുമതിൽ കെട്ടുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത് ഉടൻ പ്രയോജനപ്രദമാക്കാനും യോഗം തീരുമാനിച്ചു. 10 കോടി ചെലവിൽ നിർമ്മിച്ച മാതൃ ശിശു ചികിത്സാ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടനെ നിശ്ചയിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രന്റെ അദ്ധ്യക്ഷതയിൽ സി.കെ രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, ഡോ. റോഷ്, ബിന്ദു പ്രദീപ്, കെ.ആർ സുഭാഷ്, കെ. എം സലിം, യൂസഫ് പടിയത്ത്, ഒ.സി ജോസഫ്, ലേ സെക്രട്ടറി സെയ്ദ് എന്നിവർ സംബന്ധിച്ചു.