തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പരാതിയിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന ഭീഷണി സന്ദേശങ്ങളുടെ മൊബൈൽ സ്‌ക്രീൻ ഷോട്ടുകളടക്കമുള്ള തെളിവുകൾ മഞ്ജു കൈമാറി. ഓൺലൈൻ മാദ്ധ്യമത്തിൽ തന്നെക്കുറിച്ച് വ്യാജ വാർത്തകൾ വരുന്നതിന് മുൻപ് ആ വാർത്തയിലെ ചില പരാമർശങ്ങളപ്പറ്റി ശ്രീകുമാർ മേനോൻ അയച്ച സന്ദേശങ്ങളും മഞ്ജു നൽകി. സോഷ്യൽ മീഡിയയിലൂടെ തന്നെ ശ്രീകുമാർ മേനോൻ നിരന്തരം പിന്തുടരുന്നതായും മഞ്ജു പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെ മഞ്ജുവിന്റെ പുള്ളിലെ വീടായ 'മാധവ'ത്തിൽ പൊലീസ് എത്തി മൊഴിയെടുത്ത ശേഷമാണ്, മഞ്ജു തൃശൂരിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി കൂടുതൽ തെളിവുകൾ കൈമാറിയത്. പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം മൊഴിയിൽ മഞ്ജു ആവർത്തിച്ചു.
ഒരു മണിക്കൂറോളമെടുത്താണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. അടുത്ത ദിവസം ശ്രീകുമാർ മേനോനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 മുതൽ കരിയറിനെയും സ്ത്രീത്വത്തെയും നിരന്തരം അപമാനിക്കുന്ന തരത്തിൽ ശ്രീകുമാർ മേനോൻ പെരുമാറുന്നതായി പരാതിയിൽ പറഞ്ഞിരുന്നു.
ശ്രീകുമാർ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനിയുമായി 2013ൽ മഞ്ജു കരാറുണ്ടാക്കി പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. മഞ്ജുവാര്യർ ഫൗണ്ടേഷന്റെയും ചാരിറ്റി പ്രവർത്തനത്തിന്റെയും മേൽനോട്ടവും ഈ കമ്പനിയാണ് നോക്കിയിരുന്നത്. 2017ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തിയിരുന്നതായും മഞ്ജു പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഡി.ജി.പിക്ക് മഞ്ജു നേരിട്ടെത്തി പരാതി നൽകിയത്. പരാതി ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുതര കുറ്റങ്ങളാണ് പരാതിയിലുള്ളതെന്നതിനാൽ പ്രത്യേക അന്വേഷണമെന്ന നിലയിൽ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. അസി. കമ്മിഷണർ സി.ഡി. ശ്രീനിവാസനാണ് കേസ് അന്വേഷിക്കുന്നത്.
കേസുകൾ മൂന്ന് വകുപ്പുകൾ പ്രകാരം
1. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം
2. ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടർന്നു
3. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണം
മഞ്ജുവിന്റെ മറ്റ് പരാതികൾ
1.ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നു
2. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗിക്കുന്നു
3. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ