ചാവക്കാട്: അകലാട് നായാടി കോളനിയിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ കോളനിയിലെ ചില കുടുംബങ്ങളിലും ചാവക്കാട് കടപ്പുറം നായാടി കോളനിയിലെ എല്ലാ കുടുംബങ്ങളിലും പ്രതിഷേധം ശക്തമാകുന്നു. അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിച്ച കൂട്ടത്തിൽ അകലാട് കോളനിയിൽ തീരെ താമസയോഗ്യമല്ലാത്ത അഞ്ചു വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമ്മിക്കുന്നതിന് തുക അനുവദിച്ചിരുന്നു. എന്നാൽ നവംബർ 24ന്റെ ഉത്തരവിൽ അനുവദിച്ച വീടുകൾക്ക് തുക നൽകാനാകില്ലെന്ന് പറഞ്ഞതോടെ കുടുംബങ്ങൾ വഴിയാധാരമായി.
സംസ്ഥാന പട്ടികജാതി വകുപ്പ് കഴിഞ്ഞ വർഷം നവംബർ ഏഴിന് ഇറക്കിയ ഉത്തരവാണ് ഈ മാസം 24ന് തിരുത്തിയത്. പട്ടികജാതി വിഭാഗക്കാർക്ക് പുതിയ വീടുകൾ നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുന്ന പദ്ധതി നിലവിൽ സംസ്ഥാന സർക്കാരിനില്ലെന്ന മറുപടിയാണ് ജില്ലാ പട്ടികജാതി ഓഫീസിൽ നിന്നും ഗുണഭോക്താക്കൾക്ക് ലഭിച്ചതത്രെ. തീരെ വാസയോഗ്യമല്ലാത്ത അഞ്ചു വീടുകൾക്ക് 7,62,000 വീതവും കടപ്പുറം കോളനിയിലെ നാലു കുടുംബങ്ങൾക്കും കൂടി ഫ്ളാറ്റ് നിർമ്മിക്കുന്നതിന് 77 ലക്ഷം രൂപയുമാണ് വകയിരുത്തിയിരുന്നത്.
വീടുകൾ നിർമ്മിക്കുന്നതിന് പഴയ ഉത്തരവ് പ്രകാരം ഫണ്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് പട്ടികജാതി വകുപ്പ് മന്ത്രിക്കും അധികൃതർക്കും കോളനിനിവാസികൾ ഒപ്പിട്ട് നിവേദനം നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് പരാതിയുണ്ട്. 2017 നവംബറിൽ ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ കോളനികൾ സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടറോട് നിർദ്ദേശിച്ചിരുന്നു.
തുടർന്ന് ജില്ലാ പട്ടികജാതി ഓഫീസർ സിന്ധു പരമേശ്വർ നിർമ്മിതിയുടെ സഹകരണത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി സംസ്ഥാന പട്ടികജാതി വകുപ്പിന് അയച്ചു. തുടർന്നാണ് ഫണ്ട് അനുവദിച്ച് ഉത്തരവായത്. ഇതിൽ നിന്നാണ് പുതിയ വീടുകളുടെ നിർമാണത്തിനാവശ്യമായ ഫണ്ട് സംസ്ഥാന പട്ടികജാതി വകുപ്പ് റദ്ദാക്കിയത്. ഫണ്ട് അനുവദിച്ച് ഉത്തരവായതിന് ശേഷം നിരന്തര ഇടപെടലുകൾക്കും സമരങ്ങൾക്കും ഒടുവിൽ ഒരു വർഷത്തിന് ശേഷമാണ് ആദ്യഗഡു അനുവദിച്ചത്.
പ്രതിഷേധം ശക്തം
ഒന്നേകാൽ ലക്ഷം മുതൽ അഞ്ചു ലക്ഷത്തിലധികം രൂപ വരെ വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിട്ടുണ്ട്. എന്നിട്ടും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള നായാടി വിഭാഗത്തിന് പുതിയ വീടുകൾക്ക് ഫണ്ട് അനുവദിക്കാനാകില്ലെന്ന സംസ്ഥാന പട്ടികജാതി വകുപ്പിന്റെ നിലപാടിൽ പ്രതിഷേധമുണ്ട്. സാഹചര്യങ്ങൾ വിശദീകരിച്ച് ജില്ലാ പട്ടികജാതി ഓഫീസർക്കും മന്ത്രിക്കും ദേശീയ പട്ടികജാതി കമ്മിഷനും ഒരിക്കൽ കൂടി പരാതി നൽകാൻ ഒരുങ്ങുകയാണ്. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ നിരാഹാരം അടക്കമുള്ള സമരനടപടികൾക്ക് നിർബന്ധിതരാകും. ഇതിനിടെ ഒരു മാസമായിട്ടും അകലാട് നായാടി കോളനിയിലെ അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുകയാണ്.
- കോളനി നിവാസികൾ
കണ്ണില്ലാത്ത ദുരിതം
അകലാട് നായാടി കോളനിയിൽ അറ്റകുറ്റപ്പണി നടക്കുന്നത് 17 വീടുകൾക്ക്
17 വീടുകളുടെ അറ്റകുറ്റപ്പണിയിൽ ഒരെണ്ണം പോലും പൂർത്തിയായില്ല
വാസയോഗ്യമല്ലാത്ത അഞ്ച് വീടുകൾക്ക് പകരം പുതിയവ നിർമ്മിക്കാം
എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത് ജില്ലാ പട്ടികജാതി ഓഫീസർ
അഞ്ച് വീടുകൾക്ക് 7.62 ലക്ഷം വീതം, നാലു കുടുംബങ്ങൾക്ക് ഫ്ലാറ്റിന് 77 ലക്ഷം
കഴിഞ്ഞ വർഷം നവംബറിൽ ഇറക്കിയ ഉത്തരവ് ഈ വർഷം തിരുത്തി