ചാവക്കാട്: പ്രസിദ്ധമായ എടക്കഴിയൂർ പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ അമാവാസി മഹോത്സവം ആഘോഷിച്ചു. രാവിലെ മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. ക്ഷേത്ര ഭരണ സംഘത്തിന്റെ എഴുന്നെള്ളിപ്പ് രാവിലെ എട്ടിന് അവിയൂർ ചക്കന്നാത്ത് വളുരിക ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിചേർന്നു.
ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ ക്ഷേത്ര ഭരണ സംഘത്തിന്റെ ഉത്സവം പഞ്ചവടി സെന്ററിൽ നിന്നും ആരംഭിച്ച് ക്ഷേത്രാങ്കണത്തിൽ എത്തി, തെക്കു ഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ പകൽ പൂരം ഉച്ചയ്ക്ക് ഒന്നിന് എടക്കഴിയൂർ മുട്ടിൽ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂന്നിന് പഞ്ചവടി സെന്ററിൽ എത്തിചേർന്നു. വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ പകൽ പൂരം ഒന്നിന് എടക്കഴിയൂർ നാലാംകല്ല് വാക്കയിൽ ശ്രീഭദ്ര കുടുംബ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വൈകിട്ട് നാലോടെ പഞ്ചവടി സെന്ററിൽ എത്തിചേർന്നു, വൈകിട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ കൂട്ടിഎഴുന്നെള്ളിപ്പ് നടന്നു.
ക്ഷേത്രഭരണ സംഘത്തിന് വേണ്ടി ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. കൂടാതെ തലയെടുപ്പുള്ള പതിമൂന്ന് ഗജവീരന്മാർ കൂട്ടി എഴുന്നെള്ളിപ്പിൽ അണി നിരന്നു. വർണപ്പൊലിമയാർന്ന കാവടികൾ, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, വാദ്യ മേളങ്ങൾ, വൈദ്യുതി അലങ്കാര കമനീയ നില പന്തലുകൾ എന്നിവ മഹോത്സവത്തിന് പൊലിമ കൂട്ടി. ഫാൻസി വെടിക്കെട്ടും, രാത്രിയിൽ നാടകവും ഉണ്ടായിരുന്നു. പുലർച്ചെ നാലോടെ ക്ഷേത്രത്തിലെത്തിയ ഉത്സവാഘോഷ കമ്മിറ്റികളുടെ കൂട്ടിയെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമായി.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥൻ വാക്കയിൽ, സെക്രട്ടറി വേഴം പറമ്പത്ത് രാജൻ മാസ്റ്റർ, ഭാരവാഹികളായ കോങ്കണ്ടത്ത് വിശ്വംഭരൻ, പന്തായി രാജൻ, ഞാലിയിൽ ഗോപി, ടി.എ. അർജുനൻ സ്വാമി മറ്റും ക്ഷേത്ര കമ്മിറ്റി ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ അമാവാസി മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.