ഗുരുവായൂർ: ആഢംബര കാറുകൾ വാങ്ങി അടിപൊളിജീവിതം നയിക്കാൻ മകനെയും കൂട്ടി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചമഞ്ഞ് കോടികൾ തട്ടിയ തലശ്ശേരി സ്വദേശിനിയെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്‌തു. ജമ്മു കാശ്‌മീരിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് തട്ടിപ്പിൽ പങ്കാളിയായ മകൻ പൊലീസിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അമ്മയെ പൊലീസിനു മുന്നിലേക്ക് തള്ളിയിട്ട് രക്ഷപ്പെട്ടു. തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വീട്ടിൽ ശ്യാമളയെയാണ് (58) കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വാടക വീട്ടിൽ നിന്ന് പിടികൂടിയത്. ഇവരുടെ മകൻ വിപിൻ കാർത്തിക് (29) ആണ് രക്ഷപ്പെട്ടത്.
രണ്ടുവർഷമായി മമ്മിയൂരിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ഇവർ വ്യാജ തിരിച്ചറിയൽ രേഖകളുപയോഗിച്ച് ഗുരുവായൂരിലെ ആറ് ബാങ്കുകളിൽ നിന്ന് ലോണെടുത്ത് 11 ആഢംബര കാറുകൾ വാങ്ങിയിരുന്നു. കൂടാതെ പരിചയം സ്ഥാപിച്ച് ഗുരുവായൂർ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ സുധാദേവിയിൽ നിന്ന് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തു. സുധാദേവിയുടെ പരാതിയിലാണ് ശ്യാമളയെ അറസ്റ്റ് ചെയ്തത്.
ജമ്മു കാശ്മീരിലെ കുപ്പുവാര ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പുമുപയോഗിച്ച് സാലറി സർട്ടിഫിക്കറ്റുണ്ടാക്കിയാണ് വിപിൻ തട്ടിപ്പ് നടത്തിയത്. തലശ്ശേരി ലോക്കൽ ഫണ്ട് ആഡിറ്റ് ഓഫീസിൽ പ്യൂണായിരുന്ന ശ്യാമളയെ വ്യാജ സാലറി സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് പിരിച്ചുവിട്ടിരുന്നു.
പൊലീസ് സ്റ്റേഷനിലും തട്ടിപ്പ്
സുധാദേവിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിപിൻ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങിയിരുന്നു. കേസിൽപ്പെട്ട പരിചയക്കാരനെ സഹായിക്കാനെന്ന വ്യാജേന തിരൂർ സ്റ്റേഷനിലെത്തിയ വിപിന്റെ പ്രവർത്തികളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഗുരുവായൂർ സി.ഐ പ്രേമാനന്ദ കൃഷ്ണയെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് വിപിൻ സൂചിപ്പിച്ച ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ വ്യാജനാണെന്ന് മനസിലായി. പിന്നീടുള്ള അന്വേഷണത്തിൽ വിപിൻ നിരവധി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി. ഈ അന്വേഷണത്തിനൊടുവിലാണ് ശ്യാമള അറസ്റ്റിലായത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത കാർത്തികിന്റെ ഡയറിയിൽ നിന്ന് നാദാപുരം, തലശ്ശേരി, കോട്ടയം, തിരുവനന്തപുരം, കളമശ്ശേരി, എറണാകുളം, കൊയിലാണ്ടി, വടകര തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ സമാന തട്ടിപ്പുകളുടെ രേഖകളും കണ്ടെത്തി.