ചാലക്കുടി: നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനമാണ് കേരളത്തിൽ കലയും സംസ്‌കാരവും ഉയർത്തികൊണ്ടു വന്നതെന്ന് ഗവ. ചീഫ് വിപ്പ് കെ. രാജൻ. കലാഭവൻ മണിയുടെ സ്മരണാർത്ഥം ചാലക്കുടിയിൽ സംഘടിപ്പിച്ച കലാവിരുന്നുകളുടെ സമാപനം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ സാംസ്‌കാരിക സമാധാനപരവുമായ ജീവിതത്തെ മുന്നോട്ടു നയിക്കാൻ ഇത്തരം കലാ വിരുന്നുകൾക്ക് സാധ്യമാകും. നാടൻ പാട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ച കലാകാരനായിരുന്നു കലാഭവൻ മണി. മരണമില്ലാത്ത അദ്ദേഹത്തിന്റെ ഓർമ്മകൾക്കായാണ് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ചെലവിൽ സ്മാരകം നിർമ്മിക്കുന്നതെന്നും കെ. രാജൻ പറഞ്ഞു.
പുത്തുപറമ്പ് മൈതാനിയിൽ നടന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സംവിധായകൻ സുന്ദർദാസ്, സംഘാടക സമതി ഭാരവാഹികളായ അഡ്വ. കെ.ബി. സുനിൽകുമാർ, വി.ജെ. ജോജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ് എന്നിവർ പ്രസംഗിച്ചു.
നഗരസഭ, ഫോക് ലോർ അക്കാദമി, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവ ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓണംകളി, കളിയാട്ടം, പൂരക്കളി, തിവുവാതിരക്കളി എന്നിയാണ് നടന്നത്.