ചാലക്കുടി: ചരിത്ര പ്രസിദ്ധമായ പുത്തുപറമ്പ് മൈതാനിയിൽ ഞായറാഴ്ച സായംസന്ധ്യക്ക് മുന്നൂറോളം കലാകാരികൾ തിരുവാതിരക്കളിക്ക് ചുവട് വച്ചു. ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയുടെ സ്മരണയ്ക്ക് മുന്നിലാണ് കലോപഹാരം അർപ്പിച്ചത്. മണി പഠിച്ച വിദ്യാലയ മൈതാനിയിൽ തന്നെ ചാലക്കുടിയിൽ ഇതാദ്യമായി മെഗാ തിരുവാതിര സംഘടിപ്പിക്കാനായതും സ്മരണകളിൽ ആർദ്രമായ പനിനീർപ്പൂക്കളായി മാറി. നഗരസഭയുടെ കുടുംബശ്രീ പ്രവർത്തകരാണ് രണ്ടാഴ്ചക്കാലത്തെ പരിശീലനത്തിന് ശേഷം തിരുവാതിരക്കായി ചുവടുകൾ വച്ചത്. കാണാനും ആസ്വദിക്കാനും വൻപുരുഷാരവും അണി നിരന്നു. അടുത്ത വർഷം അഞ്ഞൂറു പേരുടെ തിരുവാതിര സംഘടിക്കാനുള്ള ആവേശവുമായാണ് മങ്കമാർ കളം വിട്ടൊഴിഞ്ഞത്. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.