വരന്തരപ്പിള്ളി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാൻ തൃശൂർ പദ്ധതിയുടെ രണ്ടാം ഘട്ടമായ സ്‌ക്രീനിംഗ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വരന്തരപ്പിള്ളിയിൽ നടന്നു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. മിനി പദ്ധതി വിശദീകരണം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചു ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണൻ, പത്മിനി ടീച്ചർ, ജയന്തി സുരേന്ദ്രൻ, കാൻ തൃശൂർ നോഡൽ ഓഫീസർ, പി.കെ. രാജു.എന്നിവർ പ്രസംഗിച്ചു. കാൻസർ നിർമ്മാർജ്ജനം ലക്ഷ്യമാക്കി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപിലാക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടമായി വളണ്ടിയർമാർ വീടുകളിൽ എത്തിയുള്ള സർവേ പൂർത്തീകരിച്ചിരുന്നു. സ്‌ക്രീനിംഗ് ക്യാമ്പുകളിൽ മരുന്ന് വിതരണം, കൗൺസലിംഗ്, വിവിധ പരിശോധനകൾ എന്നിവ നടത്തും.