കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിൽ, പൊതുസ്ഥലം കൈയേറി നടന്ന അനധികൃത നിർമ്മാണ പ്രവർത്തനത്തിനെതിരെ പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ചെയർമാൻ ഇടപെട്ട് നിർമ്മാണം നിറുത്തിവയ്പ്പിച്ചു. നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരിലൊരാളായ ടി.എസ് സജീവന്റെ, ഇടപെടലിനെ തുടർന്നാണ് ചെയർമാൻ സ്ഥലത്തെത്തിയത്.
മാർക്കറ്റിലെ പച്ചക്കറി വ്യാപാരം നടക്കുന്ന ഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന അനധികൃത ഷെഡ്ഡുകൾ കൗൺസിൽ തീരുമാന പ്രകാരം പൊളിച്ചിരുന്നു. ഇതിന് പിറകെ ഉണ്ടായ അഭ്യർത്ഥനകളെ മാനിച്ച് നേരത്തെ അവിടെ കച്ചവടം നടത്തിയിരുന്ന രണ്ട് പേർക്ക് താത്കാലിക ഷെഡ്ഡ് നിർമ്മിക്കാൻ അനുമതി നൽകുന്നതിന് കൗൺസിലിലെ കക്ഷി നേതാക്കൾ തമ്മിൽ ധാരണയായി.
ഇതേക്കുറിച്ചറിഞ്ഞാണ് ബന്ധപ്പെട്ടവർ താത്കാലിക ഷെഡിന് പകരം വലിയ രീതിയിലുള്ളതും സ്ഥിരം സംവിധാനവുമെന്ന നിലയ്ക്കുള്ള നിർമ്മാണം ആരംഭിച്ചത്. ഇത് നഗരസഭാധികൃതരുടെ ഒത്താശയോടെയുള്ള അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ച് യുവമോർച്ച നിയോകമണ്ഡലം പ്രസിഡന്റ് കെ.എസ് ശിവറാമിന്റെ നേതൃത്വത്തിൽ ഷിജു, അനീഷ്, അജിത്ത് ,ജിതിൻ തുടങ്ങിയവർ ചേർന്ന് ഇവിടെ പ്രതിഷേധമുയർത്തി.
സർക്കാർ ഭൂമിയിൽ മുസ്‌രിസ് ടൂറിസം പദ്ധതിക്കായി വിരിച്ച കരിങ്കൽ ടൈലുകൾ ഇളക്കി മാറ്റി , കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് നടത്തുന്ന അനധികൃത നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലേക്ക് ഇവരെത്തി. കൗൺസിലർ സജീവൻ ചെയർമാനെ വിവരം ധരിപ്പിച്ചതോടെ സ്ഥലത്തെത്തിയ ചെയർമാൻ കെ.ആർ. ജൈത്രൻ നിർമ്മാണം കൈയോടെ നിറുത്തിവയ്പ്പിക്കുകയായിരുന്നു. ഇതേ സമയം സർക്കാർ ഭൂമിയിൽ ചട്ടങ്ങളൊന്നും പാലിക്കാതെ തീരദേശ നിയമം വരെ നോക്കുകുത്തിയാക്കി നിർമ്മാണമാരംഭിച്ച ഈ സംവിധാനം ഉടനടി പൊളിച്ച് മാറ്റിയില്ലെങ്കിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു