പാവറട്ടി: മണലൂർ മണ്ഡലത്തിലെ മധുക്കര അംബേദ്കർ സ്വാശ്രയ ഗ്രാമം ഡിസംബറിൽ പൂർത്തിയാകുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്തിലെ മധുക്കര പട്ടികജാതി സങ്കേതമാണ് മാതൃകാ ഗ്രാമമാകുന്നത്. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി അവലോകന യോഗം ചേർന്നു.
പദ്ധതിയുടെ 70 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി മൂന്നുനില കെട്ടിട നിർമ്മാണം പൂർത്തിയായി. ഗ്രൗണ്ട് ഫ്‌ളോറിൽ ഹെൽത്ത് സബ് സെന്റർ പ്രവർത്തിക്കും. ഒന്നാം നിലയിൽ വിജ്ഞാനവാടിയും മൂന്നാം നിലയിൽ 18 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ശുദ്ധജല സംഭരണിയും സ്ഥാപിച്ചു. അതിലേക്കുള്ള ഉപകരണങ്ങളും ലഭ്യമാക്കി.
കിണറുകളുടെയും കുളങ്ങളുടെയും നവീകരണം, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, ഏഴ് തെരുവ് വിളക്കുകൾ, 25 വീടുകളുടെ നവീകരണം, വായനശാലാ നവീകരണം, ബസ് സ്റ്റോപ്പ് നിർമ്മാണം എന്നിവയും പൂർത്തിയാക്കി. ശേഷിക്കുന്ന പ്രവൃത്തികളായ സൈഡ് കെട്ടൽ, പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, കവാട നിർമ്മാണം എന്നിവ കൂടി പൂർത്തിയാകുന്നതോടെ മാതൃകാ സ്വാശ്രയ ഗ്രാമമായി മതുക്കര മാറും.
അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, നിർമിതി കേന്ദ്രത്തിലെ എ.പി.ഇ: വിബിത ടി.ജി., ഡി.ഡി.ഒ: കെ. സന്ധ്യ, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. കാളിക്കുട്ടി, പി.പി. സതീശൻ, എം.ആർ. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
മണലൂർ നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ അംബേദ്കർ സ്വാശ്രയ ഗ്രാമം ചൂണ്ടൽ പഞ്ചായത്തിലെ പെരുമല കോളനിയാണ്. അതിന്റെ പ്രവർത്തനവും നടന്നുവരുന്നു.
തുക വകയിരുത്തൽ ഇങ്ങനെ
പദ്ധതിക്ക് വിലയിരുത്തിയത് ഒരു കോടി രൂപ
കെട്ടിട നിർമ്മാണത്തിന് 49.65 ലക്ഷം
കിണർ നവീകരണത്തിന് 2.60 ലക്ഷം
സംഗീത വായനശാലയ്ക്ക് 9.90 ലക്ഷം
കുളിക്കടവിനും ബസ് സ്റ്റോപ്പിനും 5.35 ലക്ഷം
സോളാർ തെരുവ് വിളക്കിനായി 12.50 ലക്ഷം
25 വീടുകളുടെ നവീകരണത്തിന് 20 ലക്ഷം
കാപ്
മധുക്കര അംബേദ്കർ സ്വാശ്രയ ഗ്രാമത്തിൽ നിർമ്മാണം പൂർത്തിയായ ഹെൽത്ത് സബ് സെന്ററും വിജ്ഞാനവാടിയും ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം.