ചാവക്കാട്: കനോലി കനാലിൽ അനധികൃതമായി ഊന്നിവലകൾ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നതായി പരാതി. ചേറ്റുവ മുതൽ വടക്കോട്ട് കിലോമീറ്റർ ദൂരത്തിലാണ് ഇത്തരത്തിൽ അനധികൃതമായി ഊന്നിവലകൾ സ്ഥാപിച്ചിട്ടുള്ളത്. 35 മില്ലിമീറ്റർ കൂടുതൽ കണ്ണി വലിപ്പമുള്ള വലകൾ ഊന്നിയിൽ ഉപയോഗിക്കാനാണ് അനുമതി. എന്നാൽ, മത്സ്യ സമ്പത്തിന്റെ നാശത്തിന് ഇടവരുത്തുന്ന രീതിയിൽ 15 മില്ലിമീറ്റർ കണ്ണി വലിപ്പമുള്ള വലകൾ ഉപയോഗിച്ചാണ് ഇവിടെ മത്സ്യബന്ധനം നടത്തുന്നതെന്നാണ് ആരോപണം. ഇത് മത്സ്യസമ്പത്തിനെ ഇല്ലാതാക്കുമെന്നതിന് പുറമെ കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രദേശവാസികൾ ആരും തന്നെ ഇതിനെതിരെ രംഗത്തുവരാത്തതാണ് അനധികൃതമായി ഊന്നിക്കുറ്റികൾ സ്ഥാപിച്ച മത്സ്യബന്ധനം നടത്തുന്നവർക്ക് എളുപ്പമാവുന്നതെന്നും ആരോപണമുണ്ട്. മത്സ്യസമ്പത്ത് നിലനിറുത്തുന്നതിനായി അനധികൃത മത്സ്യബന്ധന രീതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന മന്ത്രിയുടെ പ്രസ്താവന നിലനിൽക്കെയാണ് ഇത്തരത്തിൽ അനധികൃതമായി മത്സ്യബന്ധനം വ്യാപകമായിട്ടുള്ളത്.