തൃശൂർ: മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ജി.എസ്.ടിയും തുണിക്കച്ചവടത്തിലെ മാന്ദ്യവുമെല്ലാം ചേർന്ന് തിരിച്ചടിച്ചതോടെ പിടിച്ചു നിൽക്കാനുള്ള പെടാപ്പാടിലാണ് സീതാറാം മിൽ. ഒരു കിലോഗ്രാമിന് 225 രൂപ ലഭിച്ചിരുന്ന നൂലിന് ഇപ്പോൾ 200 രൂപ മാത്രമാണ് മില്ലിന് കിട്ടുന്നത്. കഴിഞ്ഞ ജൂലായ് മാസത്തിനു ശേഷം പൊടുന്നനെ ഒരു കിലോഗ്രാം നൂലിന് ശരാശരി മുപ്പത് രൂപയുടെ കുറവുണ്ടായതോടെ പ്രതിസന്ധി തരണം ചെയ്യാനുള്ള തീവ്രശ്രമങ്ങളിലാണ് സർക്കാർ.
ഗുജറാത്തിലെ തുണിമില്ലുകളിലും മഹാരാഷ്ട്രയിലെ സർക്കാർ സ്ഥാപനങ്ങളിലും അറബി നാട്ടിലെ എണ്ണപ്പാടങ്ങളിലുമൊക്കെ തൃശൂരുകാരൻ ചെന്നെത്തിയതിന് കാരണമായ സീതാറാം മിൽ, ആവിയന്ത്രം കൊണ്ട് നെയ്ത്ത് പണി നടത്തുന്ന നെയ്ത്തുശാലയായാണ് പൂങ്കുന്നത്ത് തുടങ്ങിയത്. നെയ്തുണ്ടാക്കുന്ന തുണിത്തരങ്ങളുടെ ഉറപ്പ് കൊണ്ടു തന്നെ സീതാറാം തുണിവ്യവസായമേഖലയിൽ തരംഗമായി. തൃശൂരിൽ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ചത് ഇവിടെയായിരുന്നു. പൂങ്കുന്നം റെയിൽവേ സ്‌റ്റേഷനിലാണ് ഇതിന് വേണ്ടി ചാലക്കുടിയിൽ നിന്ന് വാഗണിൽ വിറക് എത്തിച്ചിരുന്നത്. കൂറ്റൻ ടർബനുകൾ അതേറ്റുവാങ്ങി, താപം ആവിയായി, വൈദ്യുതിയായി. സീതാറാം മിൽ അധികം ഉണ്ടാക്കിയ കറന്റ് അന്ന് തൃശൂർ മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു. സീതാറാമിന് പിന്നാലെ പുല്ലഴിയിൽ കേരളലക്ഷ്മിയും ആമ്പല്ലൂർ അളഗപ്പമില്ലും പൊങ്ങണംകാട്ട് വനജ മില്ലും ഉണ്ടായി. തൃശൂർ തുണിമില്ലുകളുടെ നാടും മിൽത്തൊഴിലാളികളുടെ പ്രദേശവുമായിമാറി.
നൂലിഴപാകിയ തൊഴിലാളി രാഷ്ട്രീയം
തൊഴിലാളി രാഷ്ട്രീയം മുളച്ചത് സീതാറാം മില്ലിലായിരുന്നു. ലീഡർ കെ. കരുണാകരനാണ് തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോൺഗ്രസിന് സീതാറാമിൽ യൂണിയനുണ്ടാക്കിയത്. ചെങ്കൊടി പിടിച്ച നൂറുകണക്കിനുപേരുടെ പിന്നാലെ കുറേപ്പേരെ കരുണാകരൻ മൂവർണ്ണക്കൊടി പിടിപ്പിച്ചു. തൊഴിലാളി സമരങ്ങൾക്ക് പിന്നാലെ തൃശൂരിന്റെ സാമ്പത്തിക മേഖലയ്ക്ക് സീതാറാം മിൽ തീപ്പിടിത്തം കനത്ത തിരിച്ചടിയായി. തുടർച്ചയായി പൂട്ടലും തുറക്കലുമുണ്ടായി. നിലവാരം കുറഞ്ഞ പഞ്ഞി വാങ്ങുന്നുവെന്നും ചില തൊഴിലാളികൾക്കു പി.എഫും ഗ്രാറ്റുവിറ്റിയും നൽകിയില്ലെന്നും ആരോപിച്ച് തൊഴിലാളികൾ അടുത്ത കാലത്തും പ്രതിഷേധിച്ചെങ്കിലും അതിജീവനത്തിനുളള ശ്രമങ്ങൾക്കിടയിൽ ആ പ്രതിഷേധസ്വരങ്ങൾ മുങ്ങി. ഏതാനും വർഷങ്ങൾക്ക് മുൻപാണ് കമ്പനി വീണ്ടും സജീവമായത്.
1907: കൊച്ചിരാജ്യത്തെ ആദ്യത്തെ ടെക്സ്റ്റയിൽസ് മില്ലായ സീതാറാം മിൽ സ്ഥാപിതമായി
1944: എ.ഐ.ടി.യു.സി യൂണിയൻ നിലവിൽ വന്നു.
1964: സീതാറാം മിൽ കത്തി
1975: കമ്പനിയായി രജിസ്റ്റർ ചെയ്തു
പ്രതാപകാലത്ത്: 2000 തൊഴിലാളികൾ
നിലവിൽ: 160 വർക്കർമാർ, 15 മറ്റ് ജീവനക്കാർ