കൊടകര: മുക്കാൽ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനൽ കൊളത്തൂർ ഹരി എന്നറിയപ്പെടുന്ന കൊളത്തൂർ തൈവളപ്പിൽ വീട്ടിൽ ഹരിദാസ് (49) എന്നയാളെ ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.
കൊടകര, ആളൂർ ഭാഗങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി കെ.പി വിജയകുമാരന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരി പിടിയിലായത്.
കള്ളനോട്ടിന്റെ ഉറവിടം തേടി മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഹരിയിലേക്കെത്തിയിരുന്നു. ഇന്നലെ രാവിലെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഹരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രിന്റ് ചെയ്ത 75000ലേറെ മൂല്യം വരുന്ന 500 രൂപയുടെ 151 കള്ളനോട്ടുകളും പ്രിന്ററും പേപ്പറുകളും കട്ടിംഗ് മെഷീനും കണ്ടെടുത്തു. ഇരുന്നൂറിന്റെയും നൂറിന്റെയും കള്ളനോട്ടുകളുടെ പ്രിന്റ് തയ്യാറാക്കിയ രീതിയിലും നോട്ടുകൾ പ്രിന്റെടുക്കുന്നതിനുള്ള പേപ്പറുകളും മറ്റും പിടികൂടിയിട്ടുണ്ട്.
പ്രത്യേക സംഘത്തിൽ കൊടകര സി.ഐ: വി.വി. റോയ്, എസ്.ഐ: എൻ. ഷിബു, ആളൂർ എസ്.ഐ: കെ.എസ്. സുശാന്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ: ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്‌റ്റേഷനിലെ എ.എസ്.ഐ: സി.കെ. ബാബു, സി.പി.ഒ: ജെറിൻ ജോസ്, വനിത സി.പി.ഒ: രജനി ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
കള്ളനോട്ട് അച്ചടിക്കുന്നതിനും വിതരണത്തിനും ആരുടെയെങ്കിലും സഹായം ലഭിച്ചുണ്ടോയെന്നും വിതരണം ചെയ്ത സ്ഥലവും അറിയുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
കവർച്ച, മോഷണം, സ്പിരിറ്റ്, മുക്കുപണ്ടം അവസാനം കള്ളനോട്ടടി
കൊടകര: സ്പിരിറ്റ്, ചാരായം, മോഷണം, കവർച്ച, മുക്കുപണ്ടം പണയംവയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഹരി. 22-ാം വയസിൽ അടിപിടി കേസിൽ തുടങ്ങി ഇപ്പോൾ 49-ാം വയസിൽ കള്ളനോട്ടടിയിൽ എത്തി നിൽക്കുന്നു.
തമിഴ്‌നാട്ടിൽ നിന്ന് പുകയില ഉത്പന്നങ്ങൾ വാങ്ങി മൊത്തക്കച്ചവടം നടത്തിയതിന് കൊടകര പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ചാലക്കുടിയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കൊള്ളയടിച്ചതിനും കവർച്ചയ്ക്കായി മാരകായുധങ്ങൾ കൈവശം വച്ച് രാത്രി ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വച്ചും പ്രതി പിടിയിലായിട്ടുണ്ട്. കൊല്ലങ്കോട് രാത്രി കട പൂട്ടി വന്ന സ്വർണ വ്യാപാരിയെ തടഞ്ഞ് ആറ് കിലോ സ്വർണം കവർച്ച ചെയ്തതിനും, പലയിടത്തും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതിനും കൊരട്ടിയിൽ കട പൂട്ടി വീട്ടിലേക്ക് പോയ ഒരാളെ മറ്റൊരു ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തി കവർച്ചയ്ക്ക് ശ്രമിച്ചതിനും, കൊടകരയിൽ ചാരായം വാറ്റിയതിനും മുൻപ് പിടിയിലായിട്ടുണ്ട്.
സ്പിരിറ്റ്, ചാരായം എന്നിവ കൈവശം വച്ചതിന് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്.