march
കോട്ടക്കുന്നിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം നടത്തിയ ജനകീയ മാർച്ച്

എരുമപ്പെട്ടി: എരുമപ്പെട്ടി മുരിങ്ങത്തേരി കോട്ടക്കുന്നിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരേയും പ്രതിഷേധിച്ച ജനകീയ സമര സമിതി നേതാക്കളെ പഞ്ചായത്ത് പ്രസിഡന്റ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചും സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളിൽ നിന്നും പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഗ്രാമസഭ ചേർന്ന് ജനങ്ങളുടെ അഭിപ്രായമറിഞ്ഞതിന് ശേഷം മാത്രമെ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്ന് ഭരണസമിതി യോഗത്തിലും പരാതിക്കാരുടെ യോഗത്തിലും തീരുമാനമെടുത്തിരുന്നു. എന്നാൽ ഇത് ലംഘിച്ച് സംഘർഷമുണ്ടാക്കി തിരുമാനം അട്ടിമറിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്ന ഭൂമിയുടെ അളവെടുപ്പ് നടത്തി ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. അളവെടുപ്പിൽ ആശങ്ക തോന്നിയ സമരസമിതി നേതാക്കൾ ഇത് ചോദിച്ചറിഞ്ഞപ്പോൾ പ്രകോപനമുണ്ടാക്കി സി.പി.എം പ്രവർത്തകരേയും സമരസമിതി നേതാക്കളേയും കള്ളക്കേസിൽ കുടുക്കുകയാണുണ്ടായതെന്നും സി.പി.എം ആരോപിച്ചു. ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ അംഗം ഒ.ബി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ടി. ദേവസി, പഞ്ചായത്ത് മെമ്പർ പ്രസീത ശശിധരൻ, കെ.എം.അഷറഫ്, യു.കെ.മണി തുടങ്ങിയവർ സംസാരിച്ചു.