തൃശൂർ: പഠനം പാതിവഴിയിൽ നിറുത്തിയ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികൾക്കും പത്താം ക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കുന്ന ഹോപ്പ് പദ്ധതിക്ക് തൃശൂരിൽ നവംബർ ആദ്യവാരം തുടക്കമാകും. തൃശൂർ റൂറൽ പൊലീസ്, ജില്ലാഭരണകൂടം, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ഒത്തുചേർന്ന് യൂണിസെഫിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് ഹോപ്പ് (ഹെൽപിംഗ് അതേർസ് ടു പ്രൊമോട്ട് എഡ്യുക്കേഷൻ) പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്.
തൃശൂർ റൂറൽ പരിധിയിലുള്ള ഇരിങ്ങാലക്കുടയിലാണ് ആദ്യഘട്ടത്തിൽ കുട്ടികൾക്ക് പഠനാവസരം നൽകുക. തുടർന്ന് മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇവർക്ക് സൗജന്യമായാണ് ക്ലാസുകൾ നൽകുക. 2020 ഒക്ടോബറിൽ ഇവർക്ക് പരീക്ഷയെഴുതാനാകും. ജില്ലയിൽ ഇതേവരെ 200 ഓളം വിദ്യാർത്ഥികളാണ് ഇത്തരത്തിലുള്ള പഠനത്തിന് തയ്യാറായി വന്നിട്ടുള്ളത്. ദ ഫൗണ്ടേഷൻ ഒഫ് ലൈഫ് എന്ന ആപ്തവാക്യവുമായി എത്തുന്ന ഹോപ്പ് പദ്ധതിയുടെ ജില്ലാതല വിശദീകരണ പരിപാടിയിൽ 300 ഓളം മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു.
ജില്ലാ പൊലീസ് (റൂറൽ) മേധാവി കെ.പി. വിജയകുമാരൻ ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി: എം.കെ. ഗോപാലകൃഷ്ണൻ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി: ഷാജ് ജോസ്, ടി.വി. ബീന, അഡ്വ. എൽദോ പൂക്കുന്നേൽ ക്ലാസെടുത്തു.