തൃശൂർ : അകലാട് നായാടി കോളനിയിലും കടപ്പുറം കോളനിയിലും പുതിയ വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് പട്ടിക ജാതി വകുപ്പ് റദാക്കിയെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസ് അറിയിച്ചു. കോളനികളിലെ അറ്റകുറ്റപ്പണികൾക്കായാണ് 64,40,000 രൂപ അനുവദിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തെയാണ് അറ്റകുറ്റപണികൾ ഏൽപ്പിച്ചത്. ഇതിൽ 12,88,000 രൂപആദ്യ ഗഡു അനുവദിക്കുകയും ഒക്ടോബർ 9 മുതൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ശോചനീയാവസ്ഥയിലുള്ള വീടുകളുടെ നവീകരണത്തിന്റെ ഭാഗമായി മേൽക്കൂര നിർമ്മാണം ഉൾപ്പടെയുള്ള പ്രവൃത്തികളാണ് നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. നിരവധി വീടുകളുടെ അറ്റകുറ്റപണികൾ ഉള്ളതിനാലും നിർമ്മാണം നടക്കുന്ന വീടുകളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള സ്ഥലപരിമിതിയും മറ്റും ഉള്ളതിനാലാണ് ഓരോ വീടുകൾ എന്ന നിലയിൽ പ്രവൃത്തികൾ നടക്കുന്നതെന്നും ജില്ലാ പട്ടികജാതി ഓഫീസ് അറിയിച്ചു.