കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്തിലെ വഞ്ചിപ്പുര ബീച്ച് ചാപ്പക്കടവിൽ ദിവസങ്ങളായി നോക്കുകുത്തികളായി നിൽക്കുകയാണ് ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച രണ്ട് ഹൈ മാസ്റ്റ് ലൈറ്റുകൾ. വഞ്ചിപ്പുര കടപ്പുറത്ത് അവധി ദിവസങ്ങളിലും ദീപാവലി അടക്കമുള്ള വിശേഷ ദിവസങ്ങളിലും നിരവധി പേരാണ് കുടുംബ സമ്മേതവും അല്ലാതെയും കടൽ കാണാൻ എത്തുന്നത്. ഇരുട്ടാകുമ്പോഴേക്കും വെളിച്ചമില്ലാതെ പല തരം ബുദ്ധിമുട്ടുകളാണ് അനുഭവപെടുന്നതെന്ന് ഇവിടെ എത്തുന്നവർ പറയുന്നു.
മൂന്നുമാസം മുമ്പുവരെ സോളാർ പാനൽ വച്ചുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ നിന്ന് വെളിച്ചം ഉണ്ടായിരുന്നു. എന്നാൽ പ്രവർത്തന രഹിതമായ അവ നേരെയാക്കാനുള്ള നടപടി ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
ഇ.ടി. ടെസൺ മാസ്റ്റർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് മൂന്നു വർഷം മുമ്പാണ് സോളാർ പാനൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. മൂന്നു വർഷത്തെ വാറന്റി കഴിഞ്ഞതോടെയാണ് അത് നോക്കുകുത്തിയായത്.12 വർഷം മുമ്പ് ടി.എൻ. പ്രതാപൻ എംഎൽ.എ ആയിരുന്നപ്പോൾ മറ്റൊരു ഹൈസ്റ്റ് മാസ് ലൈറ്റ് അമ്പത് മീറ്റർ അകലെ സ്ഥാപിച്ചിരുന്നു. അതും ഇതു പോലെ വാറന്റി കഴിഞ്ഞു അറ്റകുറ്റപണി ചെയ്യാതെയും ഉപയോഗശൂന്യമായപ്പോഴാണ് നാട്ടുകരുടെ ആവശ്യപ്രകാരം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ ഈ ലൈറ്റുകളും ഇപ്പോൾ മിഴിയടച്ചു.
കഴിഞ്ഞ ദിവസം ദീപാവലിക്ക് നൂറുകണക്കിന് ആളുകളാണ് വഞ്ചിപ്പുര ബീച്ചിലെത്തിയത്. കുട്ടികളുമായെത്തിയ നിരവധി കുടുംബങ്ങളാണ് സ്ട്രീറ്റ് ലൈറ്റോ മറ്റ് സംവിധാനമോ ഇല്ലാതെ ബുദ്ധുമുട്ടുന്നത്.
- ഗിരീഷ് (വഞ്ചിപ്പുര നിവാസി)
കടലിൽ നിന്നുള്ള ഉപ്പുകാറ്റാണ് ഹൈ മാസ്റ്റ് ലൈറ്റ് നാശമാകാൻ പ്രധാന കാരണം. മുമ്പ് സ്ഥാപിച്ച ലൈറ്റ് പൂർണ്ണമായും ഉപയോഗശൂന്യമായത് ഇത് കൊണ്ടാണ്.
- പി.ടി. രാമചന്ദ്രൻ (കയ്പ്പമംഗലം പഞ്ചായത്തംഗം)
മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ നിന്ന് രാത്രികാലങ്ങളിൽ കരയിലേക്കുള്ള ഒരു സിഗ്നൽ ആയിരുന്നു ഹൈ മാസ്റ്റ് വിളക്കുകൾ. ഇത് നിലച്ചതോടെ സ്ഥലം അറിയാനുള്ള മാർഗമാണ് നഷ്ടപെട്ടത്.
- ഷൈജൻ (മത്സ്യബന്ധന തൊഴിലാളി)
സോളാർ പാനൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് മൂന്നുവർഷം വരെ അത് അറ്റകുറ്റപണി ചെയ്തു പോന്നിരുന്നു. പലപ്പോഴും ഇടിമിന്നൽ മൂലം പല തരത്തിലുള്ള നാശങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉപ്പു കാറ്റ് ഇതിന്റെ ഇലക്ട്രോണിക്‌സിന് പലപ്പോഴും കേടുകൾ വരുത്തുന്നു. വാറന്റി കഴിഞ്ഞാൽ അത് ശരിയാക്കുന്നതിന് ഇരുപതിനായിരം രൂപ ചെലവാകും. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ തന്നെ ശരിയാക്കും.
- ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച കമ്പനി അധികൃതർ