കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നടത്തിയ അനധികൃത നിർമ്മാണം ഉടൻ പൊളിച്ച് നീക്കാൻ നഗരസഭാ ചെയർമാൻ നിർദ്ദേശം നൽകി. ചെയർമാന്റെ ചേംബറിൽ ചേർന്ന കക്ഷി നേതാക്കളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നേരത്തെയുള്ള ധാരണകൾക്ക് വിരുദ്ധമായി, അനുമതിയില്ലാതെ നിർമ്മിച്ച കോൺക്രീറ്റ് പില്ലറുകളും ഫൗണ്ടേഷനും മേൽക്കൂരയിടാനുള്ള ഇരുമ്പ് ഫ്രെയിമുകളും മൂന്ന് ദിവസത്തിനകം പൊളിച്ച് മാറ്റുന്നതിന് നടപടിയെടുക്കാൻ നഗരസഭാ എൻജിനിയറെ ചുമതലപ്പെടുത്തി.
ബന്ധപ്പെട്ടവർ പൊളിച്ച് നീക്കിയില്ലെങ്കിൽ നഗരസഭയുടെ ചെലവിൽ പൊളിച്ച് നീക്കി നിയമപരമായ നടപടികൾ സ്വീകരിക്കും. പൊളിച്ച ശേഷം നഗരസഭ തയ്യാറാക്കിയ പ്ലാൻ പ്രകാരം പൈപ്പ്, ഷീറ്റ് എന്നിവ ഉപയോഗിച്ച് താത്കാലിക ഷെഡ്ഡ് നിർമ്മിക്കാൻ അനുമതി നൽകും. കോട്ടപ്പുറം ചന്തയെ മുസിരിസ് മാതൃകയിൽ സംരക്ഷിക്കുകയും അനധികൃതമായി നടത്തുന്ന നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിവാക്കി ജനോപകാരപ്രദമായി നിലനിറുത്താനുമാണ് ശ്രമിക്കുകയെന്നും ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.
പുതിയതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഉടൻ ലേലം ചെയത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. കെ.എസ്. കൈസാബ്, സി.കെ. രാമനാഥൻ വി.ജി. ഉണ്ണിക്കൃഷ്ണൻ, വി.എം. ജോണി, ടി.എസ്. സജീവൻ, എൻജിനിയർ സി.എസ്. പ്രകാശൻ, ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അനധികൃത നിർമ്മാണത്തിന് ഒത്താശ, പിന്നിൽ അഴിമതി: യുവമോർച്ച
നഗരസഭയിലെ കോട്ടപ്പുറം മാർക്കറ്റിൽ താത്കാലിക ഷെഡ് നിർമ്മാണ അനുമതിയുടെ മറവിൽ അനധികൃതമായി സ്ഥിരമായ കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കം നഗരസഭാ ഭരണസമിതിയുടെ ഒത്താശയോടും പിൻബലത്തോടുമാണെന്ന ആരോപണവുമായി യുവമോർച്ച മണ്ഡലം കമ്മിറ്റി. വൻ അഴിമതി നടന്നിട്ടുണ്ട്, മുസരീസ് പൈത്യക പദ്ധതി പ്രദേശത്ത് ലക്ഷങ്ങൾ ചെലവഴിച്ച നിർമ്മാണം പൊളിച്ചാണ് അനധികൃത കെട്ടിട നിർമ്മാണം നടത്തുന്നത്.
പൊതുമുതൽ നശിപ്പിച്ചതിനെതിരെ മുസരീസ് ഡയറക്ടർ നിയമനടപടികൾ സ്വീകരിക്കണമെന്നും അനധികൃത കെട്ടിടം അടിയന്തരമായി പൊളിച്ച് നീക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അനധികൃത നിർമ്മാണ പ്രദേശം സന്ദർശിച്ച ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത് ലാൽ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.എ. സുനിൽ കുമാർ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ്. ശിവറാം, കൗൺസിലർ ഒ.എൻ. ജയദേവൻ, മേഖലാ പ്രസിഡന്റ് കെ.എസ്. ലാലൻ, ജനറൽ സെക്രട്ടറി സി.വി. ഉദയകുമാർ തുടങ്ങിയവരും സംബന്ധിച്ചു.