തൃശൂർ: വാളയാർ കേസിൽ അപ്പീൽ പോകുമെന്ന മന്ത്രി ബാലന്റെയും മുഖ്യമന്ത്രിയുടെയും പ്രഖ്യാപനം ഇരകളോടു ചെയ്യുന്ന ഇരട്ട വഞ്ചനയാണ്. പ്രായപൂർത്തിയാകാത്ത ബാലികമാരുടെ ഉഭയസമ്മതപ്രകാരം സംഭവിച്ച ലൈംഗിക വേഴ്ചയ്ക്ക് വിചാരണ തടവ് തന്നെ ധാരാളമെന്ന് അഭിപ്രായപ്പെട്ട ഡിവൈ.എസ്.പി: സോജനെ സർവീസിൽ നിന്നും പുറത്താക്കണം. അദ്ദേഹം തയ്യാറാക്കിയ കേസ് ഫയൽ ഉപയോഗിച്ച് അപ്പീൽ പോകുമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു പ്രസ്താവനയിൽ പറഞ്ഞു. ബലാൽസംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തിലെ അപകടകാരികളായ യഥാർത്ഥ പ്രതികളെ രക്ഷിച്ചതായും ജനസംസാരമുണ്ട്. കേരളം ഇരുവരെ പ്രകടിപ്പിക്കാത്ത ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷവും വിവിധ സംഘടനകളും ശക്തമായി സി.ബി.ഐ അന്വേഷണം ആവശ്വപ്പെട്ട സാഹചര്യത്തിൽ സർക്കാർ അതിനു തയ്യാറാകണമെന്ന് ടി.വി. ബാബു ആവശ്യപ്പെട്ടു.