ചാലക്കുടി: കലാഭവൻ മണിക്ക് നഗരത്തിൽ സ്മാരകം നിർമ്മിക്കുന്നതിന് ഗവ.എൻജിനിയറിംഗ് വർക്ക് ഷോപ്പ് വളപ്പിൽ സ്ഥലം കണ്ടെത്തുന്നതിന് ശ്രമങ്ങൾ ആരംഭിച്ചു. സർക്കാർ അനുവദിച്ച അമ്പത് ലക്ഷം രൂപ ചെലവിൽ സ്മാരകം നിർമ്മിക്കുന്നതിന് പത്തുസെന്റ് സ്ഥലമാണ് ആവശ്യം.
ചേനത്തുനാട്ടിലെ പാഡി സ്ഥിതി ചെയ്യുന്നിടത്ത് നിന്നും സ്ഥലം വിട്ടുനൽകണമെന്ന് നഗരസഭാ അധികൃതർ മണിയുടെ കുടുംബത്തോട് അഭ്യർത്ഥിച്ചെങ്കിലും അതു സാധ്യമായില്ല. തുടർന്ന് നഗരസഭ, ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ പാർക്ക് നിർമ്മിക്കുന്നിടത്ത് സ്ഥലം ലഭ്യമാക്കുന്നതിന് ശ്രമം നടന്നു. ഇതും പ്രായോഗികമായില്ല. വ്യവസായ വകുപ്പ് നഗരസഭക്ക് ഉപാധികളോടെ കൈമാറിയ സ്ഥലത്ത് ഇത്തരത്തിലൊരു സംരംഭം സാധ്യമല്ലെന്നതായിരുന്നു കാരണം. ഈ സാഹചര്യത്തിലാണ് എൻജിനിയറിംഗ് വർക്ക് ഷോപ്പിന്റെ സ്ഥലത്തേക്ക് ആലോചന നീങ്ങിയത്. മറ്റു സാങ്കേതിക തടസങ്ങളില്ലെങ്ങിൽ ഇവിടെത്തന്നെയായിരിക്കും മണിയുടെ സ്മാരകം ഉയരുക. രേഖാമൂലം സ്ഥലം വിട്ടുകിട്ടിയാൽ ഉടൻ സ്മാരകത്തിന്റെ നിമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം.