തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസിന് തൃശൂരിൽ തുടക്കം. ബാൾ ബാഡ്മിന്റൺ, ഭാരദ്വഹനം എന്നീ ഇനങ്ങളിലെ മത്സരങ്ങളാണ് തിങ്കളാഴ്ച നടന്നത്. ബാൾ ബാഡ്മിന്റൺ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെ പരാജയപ്പെടുത്തി തൃശൂർ ചാമ്പ്യൻമാരായി. തിരുവനന്തപുരത്തെ പരാജയപ്പെടുത്തി പാലക്കാട് മൂന്നാം സ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെ തോൽപ്പിച്ച് തിരുവനന്തപുരവും പാലക്കാടിനെ തോൽപ്പിച്ച് എറണാകുളവും ഫൈനലിൽ പ്രവേശിച്ചു. ചൊവ്വാഴ്ചയാണ് ഫൈനൽ.

ഭാരദ്വഹന മത്സരത്തിൽ 10 മത്സരം പൂർത്തിയായപ്പോൾ 26പോയിന്റുമായി കോട്ടയം മുന്നിലാണ്. 13 വീതം പോയിന്റ് നേടിയ തൃശൂർ, കോഴിക്കോട് ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഗെയിംസിന്റെ ഭാഗമായ നീന്തൽ മത്സരങ്ങൾ ചൊവ്വാഴ്ചയും ജൂഡോ ബുധനാഴ്ചയും നടക്കും. മത്സരം നവംബർ രണ്ടുവരെ തുടരും. തൃശൂർ ഇൻഡോർ സ്റ്റേഡിയം, തൃശൂർ അക്വാട്ടിക് കോംപ്ലക്‌സ്, ഗവ. എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരം. വിവിധ ജില്ലകളിൽ നിന്നുള്ള 3500 ൽ പരം കായികതാരങ്ങളും 300ൽ പരം ഉദ്യോഗസ്ഥരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഗെയിംസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന്‌ മേയർ അജിത വിജയൻ നിർവഹിക്കും.