ചാവക്കാട്: ചാവക്കാട് - ചേറ്റുവ ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ചുവിടുന്ന കടപ്പുറം പഞ്ചായത്തിലുള്ള മൂന്നാംകല്ല് അഞ്ചങ്ങാടി ബ്ലാങ്ങാട് റോഡിൽ അപകടങ്ങൾ പെരുകുന്നു. വാഹനങ്ങളുടെ അമിതവേഗമാണ് കെണിയൊരുക്കുന്നത്. വളരെ വീതി കുറഞ്ഞ റോഡിലൂടെ ദീർഘദൂര ലിമിറ്റഡ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും മീൻ കൊണ്ടുപോകുന്ന കണ്ടെയ്‌നർ ലോറികളും അടക്കമുള്ള വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വൻ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
റോഡിനിരുവശത്തും പ്രവർത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയും അമിതവേഗവും അപകടവും ഭയപ്പാടിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മടേക്കടവ് പാലത്തിനടുത്ത് വച്ച് പെട്ടെന്ന് ബ്രേക്കിട്ട കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിടിച്ച് എട്ടു പേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ തൊട്ടാപ്പ് ആനന്ദവാടിയിൽ ബസിന് പിന്നിൽ ബസിടിച്ചു അഞ്ചുപേർക്കു പരിക്കേറ്റിരുന്നു.
കടപ്പുറം വട്ടേക്കാട് അടിത്തിരുത്തിയിൽ പാചകവാതക ടാങ്കർ നിയന്ത്രണം വിട്ട് മതിലിലേക്ക് ചെരിഞ്ഞ് വൻ അപകടമാണ് കഴിഞ്ഞ ദിവസം ഒഴിവായത്. വീതികുറഞ്ഞ റോഡിലെ അമിതവേഗവും മുന്നിൽ പോകുന്ന വാഹനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുമാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരുമനയൂർ പെട്രോൾ പമ്പിനടുത്ത് ഇന്റർലോക്ക് ജോലികൾ ആരംഭിച്ചതോടെ നാലുദിവസം മുമ്പാണ് കടപ്പുറം വഴി ഗതാഗതം തിരിച്ചുവിട്ടത്.
ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇപ്പോൾ കടന്നുപോകുന്നത്. വാഹനങ്ങളുടെ അമിത വേഗം കാരണം മുനയ്ക്കകടവ് കടപ്പുറം റോഡിൽ അപകടങ്ങൾ പതിവായി. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കെണിയിങ്ങനെ
അപകടങ്ങൾ പെരുകുന്നത് മൂന്നാംകല്ല് അഞ്ചങ്ങാടി ബ്ലാങ്ങാട് റോഡിൽ
വീതി കുറഞ്ഞ റോഡിലൂടെ ദീർഘദൂര ബസുകളുടെ മത്സരയോട്ടം
ഭീഷണിയാകുന്നത് ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രികർക്കും
കടപ്പുറം വഴി വാഹനങ്ങൾ വഴിതിരിക്കുന്നത് അറ്റകുറ്റപ്പണികൾക്ക്
റോഡിന് ഇരുവശവുമുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ഭീതിയിൽ