തൃശൂർ: മൂന്ന് സ്വർണ്ണവും ഒരു വെള്ളിയുമായി നീന്തൽക്കുളത്തിൽ തിളങ്ങിയ സഹോദരിയുടെ വഴിയിലൂടെ നീന്തി പൊന്ന് വാരിയെടുക്കുകയായിരുന്നു, അനീന ബിജു. അച്ഛൻ ലോക്കോ പൈലറ്റായ തിരുപ്പതി - കാട്പാടി പാസഞ്ചർ ട്രെയിനിന്റെ വേഗം മനസിൽക്കണ്ട് നീന്തിയാണ് ആന്ധ്രപ്രദേശുകാരൻ എസ്. വിശ്വാസ് പൊന്നണിഞ്ഞത്. സംസ്ഥാന സ്കൂൾ ഗെയിംസിലെ നീന്തൽ മത്സരങ്ങളിലെ ആദ്യമണിക്കൂറുകളിൽ സ്വർണ്ണമെഡലുകൾ നേടി ഇരുവരും തിരുവനന്തപുരം സായ് പരിശീലനകേന്ദ്രത്തിന്റെയും കാര്യവട്ടം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിന്റെയും മിന്നും താരങ്ങളായി.
400 മീറ്റർ ഫ്രീസ്റ്റൈലിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് 5.20.62 സമയത്തിൽ അനീന ഒന്നാമതെത്തിയത്. പ്ളസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയും കാസർകോട് പാലാവയൽ ബിസിനസുകാരനുമായ ബിജു ജോസഫിന്റെയും വീട്ടമ്മയായ ബിൻസിയുടെയും മകളുമാണ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 400 മീറ്റർ, 200 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിൽ താരമായ സഹോദരി അലീന ബിജുവാണ് വീട്ടിൽ അനീനയുടെ ഗുരുനാഥ. മൂന്നാം വർഷ ബി. കോം വിദ്യാർത്ഥിനിയായ അലീന നൽകിയ വിദ്യകളാണ് നീന്തൽക്കുളത്തിൽ പ്രയോഗിച്ചത്. മൂന്നാം ക്ലാസ് മുതൽ നീന്തൽ താരമാണ്. എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. 100 മീറ്റർ ബാക് സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ മത്സരങ്ങൾക്കും അനീന മത്സരിക്കുന്നുണ്ട്.
പ്ളസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ എസ്. വിശ്വാസ് 50 മീറ്റർ ജൂനിയർ ബട്ടർഫ്ളൈ വിഭാഗത്തിലാണ് 28. 52 സെക്കൻഡിൽ ഒന്നാമതെത്തിയത്. ആന്ധ്രയിലെ തിരുപ്പതിക്കടുത്ത് താമസിക്കുന്ന വിശ്വാസ് നീന്തൽ താരമാകാനുള്ള മോഹം കൊണ്ടാണ് സായിയിലെത്തിയത്. 200 മീറ്റർ, 50 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരങ്ങളിൽ കഴിഞ്ഞ വർഷവും ഒന്നാമതെത്തിയിരുന്നു. അമ്മ ജ്യോതി അദ്ധ്യാപികയാണ്. 100 മീറ്റർ, 50 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്.
അഭിമാനമായി സായ്
തിരുവനന്തപുരം സായ് പരിശീലന കേന്ദ്രത്തിൻ്റെ (സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ) താരങ്ങളായിരുന്നു നാല് സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി ആദ്യ ദിനത്തിൽ തന്നെ നീന്തൽക്കുളം കീഴടക്കിയത്. സബ് ജൂനിയർ ഗേൾസിൽ ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ റെക്കാഡ് താരം ഭദ്ര സുദേവനും ജൂനിയർ ബോയ്‌സിൽ ജി.ആർ കുമരേഷും സീനിയർ ബോയ്‌സിൽ യു. ഉല്ലാസും പൊന്നണിഞ്ഞു. സായിയിലെ കായികാദ്ധ്യാപകനായ മധുസൂദനൻ നായരായിരുന്നു പരിശീലിപ്പിച്ചത്.