വാടാനപ്പിള്ളി: ഡി.വൈ.എഫ്.ഐ വനിതാ ദളിത് നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാടാനപ്പിള്ളി പഞ്ചായത്തംഗം ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിയമപ്രകാരം കേസെടുത്തെങ്കിലും ആദ്യം പാർട്ടി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കട്ടെയെന്ന പൊലീസ് തീരുമാനം പ്രതിഷേധാർഹമാണെന്നും നേതാക്കൾ ആരോപിച്ചു.

പ്രതികളിലൊരാളായ പഞ്ചായത്തംഗം മെമ്പർസ്ഥാനം രാജിവയ്ക്കണമെന്നും കോൺഗ്രസ് നേതാക്കളായ ഡി.സി.സി ജന സെക്രട്ടറി സി.സി ശ്രീകുമാർ, മണലൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി അശോകൻ എന്നിവർ ആവശ്യപ്പെട്ടു. യുവതി ആദ്യം പരാതി നൽകിയത് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിക്കായിരുന്നു. ജാതി അധിക്ഷേപവും ലൈംഗിക ചുവയോടെയുള്ള വീഡിയോ കോളിംഗും മുഖേന അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. നടപടിയില്ലാത്തതിനെ തുടർന്ന് യുവതി റൂറൽ എസ്.പിക്കും വാടാനപ്പിള്ളി പൊലീസിലും പരാതി നൽകി. അതിനിടെ സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതായി നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസവും യുവതിക്കും മാതാപിതാക്കൾക്കും മേലെ സമ്മർദ്ദം ചെലുത്തി. സമ്മർദ്ദത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉടൻ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണം. ഇല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, ഡി.സി.സി അംഗം സി.എം നൗഷാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..