കൊടുങ്ങല്ലൂർ: നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിലുള്ള ആനാപ്പുഴ കക്കമാടൻ തുരുത്ത് പ്രദേശവാസികൾ മിനി സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രളയ ദുരിതാശ്വാസം അപ്പീലുകൾ തീർപ്പാക്കി എന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധവുമായി ഇവരെത്തിയത്. പ്രളയത്തെ തുടർന്ന് പത്ത് അടിയോളം ഉയരത്തിൽ വെള്ളം കയറിയ പ്രദേശമാണ് കക്കമാടൻതുരുത്ത്. നിരവധി വീടുകൾ ഇത് മൂലം നാശോന്മുഖമാവുകയും മറ്റുള്ളവക്ക് കേട് പാടുകൾ സംഭവിക്കുകയുമുണ്ടായി. എന്നാൽ പ്രളയ ദുരിതാശ്വാസമായി എല്ലാർക്കും പതിനായിരം രൂപ കിട്ടിയ തൊഴിച്ചാൽ മറ്റൊന്നും ലഭ്യമായിട്ടില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയോഗിക്കപ്പെട്ടവർ പേരിന് മാത്രം സന്ദർശനം നടത്തി പല വീടുകളുടെയും നാശനഷ്ടങ്ങൾ പരിശോധിക്കാൻ പോലും നിൽക്കാതെ സ്ഥലം വിടുകയാണുണ്ടായത് എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ അപ്പീൽ കൊടുത്തവരുടെ ഒരു ലിസറ്റ് തയ്യാറാക്കി സെപ്തം.3ന് കളക്ടറേറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ഇതിൽ തീർപ്പൊന്നും അറിയിച്ചിട്ടില്ലെന്നും അപേക്ഷകൾ പരിശോധിച്ച് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. വാർഡ് കൗൺസിലർ ഗീതാദേവി ധർണ്ണ ഉദ്ഘാടനം ചെയ്തു. പി.വി. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പി.സി പവനൻ, കെ.വി. ബാലചന്ദ്രൻ, പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.