തൃശൂർ: ഇലഞ്ഞിത്തറ മേളത്തിന്റെ നാട്ടിൽ ആവേശമായി കോഴിക്കോട്ടുകാരുടെ ഇരട്ടപ്പന്തി മേളം. പൂരത്തിന്റെ കുടമാറ്റം പോലെ ഇരു ടീമുകളായി മാറി മാറി കൊട്ടിക്കയറിയപ്പോൾ കാണികളിലൊരാളായ ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടൻമാരാർ വരെ തലകുലുക്കി ആസ്വദിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, കല്ലൂർ രാമൻകുട്ടി മാരാർ തുടങ്ങി പ്രമുഖ വാദ്യകുലപതികൾ മേളത്തിന്റെ ആസ്വാദകരായി മാറി. പഞ്ചാരിമേളത്തിൽ വികൃതി ഒളിപ്പിച്ചുവച്ചിട്ടുള്ള മേളമെന്ന നിലയിൽ ശ്രദ്ധേയമായ ഇരട്ടപന്തിമേളം തൃശൂരിൽ ആദ്യമായാണ് അരങ്ങേറിയത്. കോഴിക്കോട് ഭാഗത്ത് സാധാരണ നടത്തിവരാറുള്ള ഈ മേളം രണ്ട് ടീമുകളായി നിന്ന് മാറി മാറി കൊട്ടുന്നതിനാലാണ് ഇരട്ടപന്തി മേളമെന്ന പേരിലറിയപ്പെടുന്നത്. രണ്ടാം കാലത്തിൽ ആരംഭിച്ച് മൂന്നും നാലും കാലങ്ങളിൽ സാധാരണ കാണാത്ത വികൃതി കൊട്ടി മേളാസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് അഞ്ചാം കാലത്തിൽ മേളം കൊട്ടിയവസാനിപ്പിക്കുന്നതാണ് ഇരട്ടപന്തി മേളം. ഒരു ടീം കൊട്ടിയവസാനിപ്പിക്കുന്നതിൽ നിന്ന് അടുത്ത ടീം കൊട്ടിക്കയറും. അവസാന നിമിഷങ്ങളിൽ ചെണ്ടയിൽ കോലുകൾ വീഴുന്നതു പോലും കാണാത്ത രീതിയിൽ അതിവേഗം താളങ്ങൾ കുഴഞ്ഞുമറിയും. കൊമ്പും കുഴലുമായി പിന്നണിക്കാരും പകർന്നാടിയതോടെ പൂരപറമ്പിലെത്തിയവർ മേളപെരുമഴയിൽ കുതിർന്നു. മേളത്തിന് ഉള്ളേരി ശങ്കരമാരാർ, പോരൂർ രാമചന്ദ്രമാരാർ എന്നിവർ നേതൃത്വം നൽകി. കേരള ക്ഷേത്രവാദ്യകലാ അക്കാഡമി വാർഷികാഘോഷത്തോടനുബന്ധിച്ചാണ് തേക്കിൻകാട് മൈതാനിയിൽ നായ്ക്കനാലിൽ വാദ്യ പ്രപഞ്ചം ഒരുങ്ങിയത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടിന് ആയിരത്തിൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന മേളപ്രപഞ്ചം പഞ്ചാരി മേളം അരങ്ങേറും. പത്മശ്രീ പെരുവനം കുട്ടൻമാരാർ മേളത്തിന് പ്രമാണം കൊട്ടും. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര മേളപ്രപഞ്ചത്തിന് ദീപം തെളിക്കും.