തൃശൂർ: കൗൺസിൽ തീരുമാനമില്ലാതെ പഴയ മുനിസിപ്പൽ പ്രദേശത്ത് വൈദ്യുതി നിരക്കും കുടിവെള്ള നിരക്കും വർദ്ധിപ്പിച്ചതിനെതിരെ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് കൗൺസിൽ യോഗം വിളിക്കാൻ തീരുമാനം. ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ ഉൾപ്പെടെ 20 കൗൺസിലർമാർ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്ന് ആറിന് രാവിലെ 11ന് പ്രത്യേക യോഗം വിളിച്ചതായി മേയർ അജിത വിജയൻ അറിയിച്ചു.
ബഡ്ജറ്റിൽ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് കൗൺസിൽ തീരുമാനമില്ലാതെയാണ് വൈദ്യുതി, കുടിവെള്ള നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ അധികഭാരം ചുമത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു. ബഡ്ജറ്റിൽ പറഞ്ഞിട്ടുണ്ടെന്ന് സൂചിപ്പിച്ച് കോർപറേഷന് ചാർജ് വർദ്ധിപ്പിക്കാൻ അധികാരമില്ലെന്ന് ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ നിരക്ക് വർദ്ധന അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.