ഗുരുവായൂർ: ഐ.പി.എസ് ഓഫീസർ ചമഞ്ഞ് വായ്പാ തട്ടിപ്പ് നടത്തിയ വിപിൻ കാർത്തിക് കഴിഞ്ഞ വർഷം ഗുരുവായൂരിൽ പൊലീസ് ഉദ്യോഗസ്ഥർ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിലും പങ്കെടുത്തു. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ എസ്‌.ഐ ആയിരുന്ന അനൂപ് മേനോൻ സ്ഥലം മാറി പോകുന്നതിനോട് അനുബന്ധിച്ച് സ്‌റ്റേഷനിലെ പൊലീസുകാർ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിലാണ് ഇയാൾ പങ്കെടുത്തത്.

പൊലീസ് സ്‌റ്റേഷന് സമീപത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്. യാത്ര അയപ്പ് സമ്മേളനം അവസാനിക്കാറായ സമയത്തായിരുന്നു ഇയാൾ വന്നത്. ആശംസകളും അർപ്പിച്ചാണ് വേദിവിട്ടത്. എന്നാൽ ഇയാളെ പൊലീസുകാർ ആരും ക്ഷണിച്ചിരുന്നില്ലായെന്നാണ് പറയുന്നത്. ഗുരുവായൂരിലെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന ഹോട്ടലിന്റെ നടത്തിപ്പുകാരനാകാം ഇയാളെ ചടങ്ങിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ക്ഷേത്ര ദർശനത്തിനായി സ്വകാര്യ സന്ദർശനം നടത്തുമ്പോൾ പൊലീസ് ഇവർക്കായി മുറി ബുക്ക് ചെയ്യുന്നത് ഈ ഹോട്ടലിലാണ്. ഇത് മുതലെടുത്ത് ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതും പതിവാണ്. ഐ.പി.എസ് ഓഫീസർ എന്ന് പരിചയപ്പെടുത്തി വിപിനും സ്ഥാപന ഉടമയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടാകാമെന്നും ഈ ബന്ധത്തിൽ സ്ഥാപനമുടമയാകാം യാത്രയയപ്പ് ചടങ്ങ് നടക്കുന്ന വിവരം വിപിനെ വിളിച്ചിട്ടുണ്ടാകുകയെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

പണം തട്ടിയത് സിസ്റ്റം ഓഫീസർ ചമഞ്ഞും

ഐ.പി.എസ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന വിപിൻ എസ്.ബി.ഐയുടെ ഗുരുവായൂർ ശാഖയിൽ നിന്നും പണം തട്ടിയെടുത്തത് സിസ്റ്റം ഓഫീസറായി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന ശ്യാമള ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽ ഓഡിറ്റ് ഓഫീസറുമായി. പല സ്ഥലങ്ങളിലും പല പേരിലാണ് ഇവർ ലോണെടുക്കുന്നതിനായി പരിചയപ്പെടുത്തിയിരുന്നത്. ഇതിനായി ഇവർ തിരിച്ചറിയൽ രേഖകളും ശമ്പള സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിക്കും.