ചാവക്കാട്: നഗരസഭയിൽ 1.20 കോടി രൂപയുടെ പൊതുമരാമത്ത് ടെൻഡറുകൾക്ക്‌ നഗരസഭാ കൗൺസിൽ യോഗത്തിന്റെ അംഗീകാരം. 2019- 20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതികളാണ് യോഗം അംഗീകരിച്ചത്. നഗരസഭാ ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് ചുറ്റുമതിൽ നിർമ്മാണം, ചാവക്കാട് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് യാർഡ് ടൈലിംഗ്, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അറ്റകുറ്റപ്പണി, മുതുവട്ടൂർ വായനശാലയ്ക്ക് ട്രസ്സ് വർക്ക്, പെയിന്റിംഗ്, ക്രിമറ്റോറിയം അറ്റകുറ്റപ്പണി, ചാവക്കാട് താലൂക്ക് ആശുപത്രി നവീകരണം, നഗരസഭാ ഓഫീസ് കെട്ടിടത്തിലെ കമ്മ്യൂണിറ്റി ഹാൾ നവീകരണം എന്നിവയാണ് പ്രധാന പ്രവൃത്തികൾ.നഗരസഭയിൽ സാനിറ്റേഷൻ തസ്തികയിൽ 10 താത്കാലിക പകരം തൊഴിലാളികളെ നിയമിക്കുന്നതിനുള്ള മുൻഗണനാ ലിസ്റ്റും യോഗം അംഗീകരിച്ചു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, എ.എച്ച്. അക്ബർ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി ടീച്ചർ, കെ.എസ്. ബാബുരാജ് എന്നിവർ സംസാരിച്ചു.