തൃശൂർ : സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ജൂനിയർ പെൺകുട്ടികളുടെ ബാൾ ബാഡ്മിന്റണിലെയും, നീന്തലിലെയും മികച്ച പ്രകടനത്തോടെ തിരുവനന്തപുരം മുന്നേറുന്നു. നീന്തലിൽ 18 ഇനങ്ങൾ പൂർത്തിയായപ്പോൾ 106 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. രണ്ടാമതുള്ള എറണാകുളത്തിന് 28 പോയിന്റാണ്. 14 പോയിന്റോടെ കോട്ടയമാണ് മൂന്നാമത്. സ്‌കൂൾ തലത്തിൽ കളമശ്ശേരി ഗവ. എച്ച്.എസ്.എസ് ആണ് (14 പോയിന്റ്) നീന്തലിൽ ഒന്നാമത്. ഒരു പോയിന്റ് വ്യത്യാസത്തിൽ കളമശ്ശേരി രാജഗിരി എച്ച്.എസ് ആണ് രണ്ടാമത്. വിവിധ ശരീരഭാര വിഭാഗങ്ങളിലായി ജൂനിയർ, സീനിയർ പെൺകുട്ടികളുടെ ഭാരോദ്വഹന മത്സരങ്ങളും ജൂഡോയും നടന്നു. വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്‌സ്, ഗവ. എൻജിനീയറിംഗ് കോളേജ് മൈതാനം എന്നിവിടങ്ങളിലായി നടക്കുന്ന നാലിനങ്ങളിലുള്ള മത്സരങ്ങൾ നാളെ സമാപിക്കും. മൂവായിരത്തോളം താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.