gvr-kana
ദേവസ്വം സ്ഥാപനത്തിൽ നിന്നും മതിലിനിടയിലൂടെ കാനയിലേയ്ക്ക് മലിന ജലം ഒഴുകുന്നു

ഗുരുവായൂർ: അമൃത് പദ്ധതിയിലെ കാന നിർമാണം പ്രതിസന്ധിയിലാക്കുന്നത് ദേവസ്വം സ്ഥാപനങ്ങളിൽ നിന്നും ഒഴുകി വരുന്ന മാലിന്യം. ഇന്നർ റിംഗ് റോഡിലെ കാന പണിയാണ് ദേവസ്വം സ്ഥാപനങ്ങളിലെ മാലിന്യം മൂലം തടസ്സപ്പെടുന്നത്. ഇന്നർ റിംഗ് റോഡിൽ നിർമിക്കുന്ന കാനയുടെ 60 ശതമാനത്തിലധികം ഭാഗം ദേവസ്വം വക സ്ഥലത്താണ്.

പഴയ സത്രം കെട്ടിടം, കൗസ്തുഭം തുടങ്ങിയ മേഖലകളിലാണ് കാനകളിലേക്ക് കക്കൂസ് മാലിന്യം ഒഴുകി എത്തുന്നത്. പൈപ്പിലൂടെയും മതിലിലൂടെ കിനിഞ്ഞിറങ്ങിയും കാനകളിലേക്ക് മലിനജലം എത്തുന്നുണ്ട്. ഇതുമൂലം ദുർഗന്ധമുള്ള മലിന ജലത്തിൽ നിന്ന് ജോലി ചെയ്യാൻ തൊഴിലാളികൾ തയ്യാറാകുന്നില്ല. ദേവസ്വത്തിന്റെ പല സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു എന്ന പരാതി ഉയർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ദേവസ്വം അധികൃതർ തയ്യാറായിട്ടില്ല.

ഊരുലുങ്ങൽ ലേബർ കോൺട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് കാനയുടെ നിർമാണം നടത്തുന്നത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ഒരിക്കൽ നാട്ടിൽ പോയ പിന്നെ ഇവിടേക്ക് വരാത്ത സ്ഥിതിയുണ്ട്. അതിനാൽ തന്നെ കാന നിർമാണത്തിന്റെ വേഗം കുറയുകയാണ്.