100 മുതൽ 150 ശതമാനം വരെ വിലക്കുറവ്

ജോലി നഷ്ടപ്പെടുന്നത് 75 ഓളം ആളുകൾക്ക്

പൂട്ടുന്നത് സ്റ്റേഷനിലെ ഏക വെജിറ്റേറിയൻ ഭക്ഷണശാല

തൃശൂർ : റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിച്ചിരുന്ന സസ്യാഹാര ഭക്ഷണ ശാലയ്ക്ക് ഇന്ന് താഴ് വീഴും. ശബരിമല സീസൺ ആരംഭിക്കാൻ ദിവസം മാത്രം ബാക്കി നിൽക്കെയാണ് അടച്ചു പൂട്ടൽ. ഒരു മാസം മുമ്പ് അടച്ചു പൂട്ടാൻ തീരുമാനമെടുത്തിരുന്നെങ്കിലും മനുഷ്യാവകാശ കമ്മിഷന്റെ കാരുണ്യത്തിൽ ഒരു മാസം ജീവൻ നീട്ടി കിട്ടിയ ഭക്ഷണ ശാല ഇന്ന് രാത്രി പൂട്ടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ തുടർന്നും പ്രവർത്തിക്കാൻ അനുമതി റെയിൽവേ അധികൃതർ നൽകിയില്ല. സസ്യാഹാരം കഴിക്കുന്നവർക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഈ ഭക്ഷണ ശാല ഏറെ ആശ്വാസം നൽകുന്നതായിരുന്നു. നൂറുക്കണക്കിന് അയ്യപ്പ ഭക്തരാണ് ഇവിടത്തെ ഭക്ഷണശാലയിൽ എത്തിയിരുന്നത്. അഞ്ച് വർഷം മുമ്പാണ് ഭക്ഷണശാല ആരംഭിച്ചത്. റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മറ്റ് ഹോട്ടലുകളെക്കാൾ 100 മുതൽ 150 ശതമാനം വരെ വിലക്കുറവാണ് ഇവിടെ. പ്രവർത്തനം നിലയ്ക്കുന്നതോടെ എഴുപത്തഞ്ചോളം പേരുടെ ജോലിയും നഷ്ടപ്പെടും. ഇതിൽ പലരും പത്തുവർഷത്തിലേറെ ജോലി പരിചയമുള്ളവരാണ്. ഇന്ന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

വിലവിവര പട്ടിക


ചായ -5
കാപ്പി-10
ഉഴുന്ന് വട-9
പഴം പൊരി -13
സുഖിയൻ-12
മറ്റ് കടികൾ -9
ഊണ്- 35

തൊഴിൽ നഷ്ടമാകുന്നവർ


വെൻഡേഴ്‌സ്- 40
ക്ലീനേഴ്‌സ്,​ മറ്റ് ജീവനക്കാർ 14
കുക്ക്,​ ദോശ മേക്കേഴ്‌സ്,​ വട മേക്കർ,​ ചായ മാസ്റ്റർ 10

സപ്ലൈയർ -8