ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും വിദ്യാർത്ഥികൾ സമരമുഖത്തിറങ്ങി. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്. പരീക്ഷയ്ക്കു മുൻപുള്ള പഠനകാല അവധി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികൾ സമര രംഗത്തിറങ്ങിയത്.

ബിരുദ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ നവംബർ ആദ്യവാരത്തിലാണ് ആരംഭിക്കുന്നത്. മുൻ കാലങ്ങളിൽ പരീക്ഷയ്ക്ക് മുൻപ് 10 ദിവസത്തെ പഠനകാല അവധി നൽകിയിരുന്നതായി വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ശ്രീനാഥ് പറഞ്ഞു. മെസ്സിൽ നിന്നു ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം വളരെ മോശമാണെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.

വിദ്യാർത്ഥികൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ നിഷേധാത്മക സമീപനമായിരുന്നെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. പഠിപ്പു മുടക്കിയ വിദ്യാർത്ഥികൾ 2 മണിക്കൂർ സമയം ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. നിലപാടു തുടർന്നാൽ കലാമണ്ഡലത്തിന്റെ പരിപാടികളിൽ സഹകരിക്കില്ലെന്നും ക്ലാസ്സുകൾ ബഹിഷ്‌കരിക്കുമെന്നും വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.

യൂണിയൻ നേതാക്കളായ ആഷിക്, അനില, ആരോമൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആവശ്യം ന്യായ രഹിതവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും, അഭ്യസന മുറയുടെ ഭാഗമായ സാധകം മുടക്കാൻ കഴിയാത്തതാണെന്നും വൈസ് ചാൻസലർ ടി.കെ. നാരായണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.