ചാലക്കുടി: തവളക്കുഴിപ്പാറ ആദിവാസി കോളനിയിൽ വീണ്ടും നെൽക്കൃഷി വിളവെടുപ്പിനൊരുങ്ങി. പത്തേക്കർ സ്ഥലത്ത് തയ്യാറായ നെല്ലാണ് അടുത്ത ദിവസങ്ങളിൽ വിളവെടുക്കുക. മലയർ കോളനിയിലെ 23 കുടുംബങ്ങൾ ചേർന്ന് ഇതു മൂന്നാം വട്ടമാണ് നെൽക്കൃഷി നടത്തിയത്.
മൂന്നു പതിറ്റാണ്ട് തരിശായി കിടന്ന കൃഷിഭൂമിയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും കൃഷി ഭവനും ചേർന്ന് മൂന്നു വർഷം മുമ്പാണ് വീണ്ടും കൃഷിയിറക്കുന്നതിന് മലയുടെ മക്കൾക്ക് സാമ്പത്തിക സഹായം ചെയ്തു കൊടുത്തത്. ആദ്യമായി മൂപ്പൻ ഗോപിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിക്കുമ്പോൾ, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളായ കെ.കെ. ഷീജു, അഡ്വ. വിജു വാഴക്കാല, വി.ഡി. തോമസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് എന്നിവർ ഇവർക്കൊപ്പം ചേർന്നു.
പിന്നീട് പ്രളയം വന്നതിനാൽ കൃഷിയിറക്കാനായില്ല. വാച്ചുമരത്തിനും ഷോളയാറിനും ഇടയിലെ കോളനിയിൽ ഇക്കുറി ശ്രേയസ് വിത്താണ് നട്ടത്.